ബിജു പി. നീലേശ്വരം
ദമ്മാം: പ്രവാസത്തിെൻറ പരിമിതികൾക്കിടയിലും നാടകത്തിനുവേണ്ടി സമർപ്പിച്ച ജീവിതമാണ് ബിജു പി. നീലേശ്വരത്തിേൻറത്. പ്രവാസലോകത്ത് കലാപ്രവർത്തനം തന്നെ വെല്ലുവിളി ഉയർത്തിയ കാലത്ത് സർവസന്നാഹങ്ങളോടെയും മലയാളിക്ക് പ്രഫഷനൽ നാടകത്തിെൻറ ദൃശ്യാനുഭവം സമ്മാനിച്ചത് ഇൗ കലാകാരെൻറ നിശ്ചയദാർഢ്യമായിരുന്നു. രണ്ടര പതിറ്റാണ്ടായി പ്രവാസം നയിക്കുന്ന ബിജു ഒരു പതിറ്റാണ്ടിനു മുമ്പാണ് മനസ്സിൽ അടക്കിവെച്ച നാടക മോഹവുമായി ദമ്മാമിലെ സാംസ്കാരിക രംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
നാടകതാൽപര്യമുള്ള സുഹൃത്തുക്കളെ തേടി അദ്ദേഹം ഫേസ്ബുക്കിൽ ഇട്ട കുറിപ്പാണ് ദമ്മാമിെൻറ കലാപ്രവർത്തന മേഖലയിൽ അവിസ്മരണീയ സമയങ്ങൾ സമ്മാനിച്ച ദമ്മാം നാടകവേദി എന്ന സംഘത്തിന് തുടക്കം കുറിച്ചത്. അങ്ങനെയാണ് പ്രഫഷനൽ നാടകത്തിെൻറ മുഴുവൻ സൗന്ദര്യവും ആവാഹിച്ച 'കടുവ'എന്ന നാടകം പിറന്നുവീണത്. മികച്ച അഭിനേതാക്കളെ പ്രവാസ ലോകത്ത് നിന്നുതന്നെ കണ്ടെത്തി മാസങ്ങൾ നീണ്ട പരിശീലനം നൽകി അരങ്ങിലെത്തിക്കുകയായിരുന്നു.
ഒാരോ വർഷവും ഒാരോ നാടകങ്ങളുമായി അദ്ദേഹം ദമ്മാമിലെ പ്രേക്ഷകരുടെ മുന്നിലെത്തി. അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച, ഹിജഡകളുടെ ജീവിതം പറയുന്ന ശിഖണ്ഡിനി എന്ന നാടകം സൗദിയിൽ മാത്രമല്ല വിവിധ ഗൾഫ് രാജ്യങ്ങളിലും അവതരിപ്പിച്ചു. കൂടാതെ തിരുവനന്തപുരത്ത് സൂര്യകൃഷ്ണമൂർത്തിയുടെ പ്രത്യേക ആവശ്യത്താൽ ഇൗ നാടകം അവതരിപ്പിക്കുകയും ഒട്ടേറെ പ്രശംസ നേടുകയും ചെയ്തു.
കേരളത്തിലെ മൊത്തം ട്രാൻസ്ജെൻഡർ സമൂഹം നാടകത്തിന് പിന്തുണയുമായി അവിടെ ഒത്തുകൂടുകയും ചെയ്തിരുന്നു. അദ്ദേഹത്തിെൻറ തന്നെ രചനയായ 'കടുവ', 'ശിഖണ്ഡിനി'എന്നിവ കൂടാതെ ഗിരീഷ് ഗ്രാമികയുടെ 'വേഷം', മുഹാദ് വെമ്പായത്തിെൻറ 'ഇരയും വേട്ടക്കാരനും', ഹേമന്ത് കുമാറിെൻറ 'അവനവൻ തുരുത്ത്'തുടങ്ങിയ പ്രഫഷനല്‍ നാടകങ്ങള്‍ സംവിധാനം ചെയ്ത് അദ്ദേഹം പ്രവാസ നാടക അരങ്ങിന് മികച്ച സംഭാവന നൽകി.
സ്കൂള്‍ തലത്തിലും ആലുവ യു.സി കോളജില്‍ പഠിക്കുമ്പോഴും ഒട്ടേറെ നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിർവഹിച്ചിരുന്നു. 'പൊടിപിടിച്ച വീട്, അപരന്, വീപ്പിങ് സോള്‍, എഫാത്ത, അന്ധഗ്രാമം, ലോനപ്പേട്ടനും കുടുംബവും തുടങ്ങി പതിനഞ്ചോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ അങ്കമാലി വെങ്ങൂര്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച് ജനശ്രദ്ധ നേടിയ ഹ്രസ്വചിത്രമായ 'ഡോമിനിക് സാവിയോ'യും ഒരുക്കി. താൻ ചെയ്യുന്ന ഓരോ നാടകവും സമരവും സ്വാതന്ത്ര്യ പ്രഖ്യാപനവുമാണെന്നാണ് ബിജുവിെൻറ പക്ഷം. നാടകം തനിക്ക് ജീവവായുപോലെയാണ്. തെൻറ ചിന്തയും പ്രതീക്ഷയും സ്വപ്നങ്ങളുമെല്ലാം ജീവിക്കുന്നത് നാടകത്തിലാണെന്ന് അദ്ദേഹം പറയുന്നു. ജീവിതത്തിെൻറ അനിവാര്യതകൾ പ്രവാസിയാക്കിയപ്പോഴും ഇൗ സ്വപ്നങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇത്രയേറെ ശ്രമകരമായ കലാപ്രവർത്തനം ഏറ്റെടുക്കുന്നതെന്നും ബിജു പറയുന്നു.
നാടകരംഗത്ത് അവശതയനുഭവിക്കുന്നവരെ സഹായിക്കാനും നാടക വേദിയിലുടെ സാധിക്കുന്നുണ്ട്. വിവിധ കലാരംഗത്ത് പ്രവർത്തിക്കുന്ന പ്രതിഭകൾക്കായി ഇന്ത്യൻ പ്രവാസി കലാസംഘടനയായ കലാകുടീരം പ്രഖ്യാപിച്ച കലാശ്രേഷ്ഠ പുരസ്കാരം പ്രവാസ നാടക രംഗത്തെ സമഗ്ര സംഭാവനക്ക് ബിജു പി. നീലേശ്വരത്തിന് ലഭിച്ചിരുന്നു. മലയാറ്റൂരിലെ കാലടിക്കടുത്ത നീലേശ്വരം സ്വദേശിയായ ബിജു ആലുവ യു.സി കോളജിൽനിന്ന് ബിരുദവും ശേഷം ഫിലോസഫിയിൽ ഫിലിപ്പീൻസ് ആഡംസ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പി.ആർ.ഒ ആയാണ് ഒൗദ്യോഗിക ജീവിതത്തിന് തുടക്കം. ഭാര്യ: രാജി. സ്റ്റിവൻറ്, സേറ, സാദിയോ എന്നിവരാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.