അൽ ഉലയ ഗ്രാമത്തിെൻറ ശേഷിപ്പുകൾ
റിയാദ്: സമയം പിറകോട്ട് സഞ്ചരിക്കുന്ന അപൂർവമായൊരു കാലയാത്രയുടെ അനുഭവം സമ്മാനിക്കുകയാണ് ഹാഇൽ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന 'അൽ ഉലയ' എന്ന പുരാതന ഗ്രാമം. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കഥകളും പേറി, നഗരത്തിന്റെ സാംസ്കാരിക വിനോദസഞ്ചാര ഭൂപടത്തിൽ ഒരു പൈതൃക രത്നമായി തിളങ്ങിനിൽക്കുകയാണ് ഈ ചരിത്ര പ്രദേശം. ഭൂതകാലത്തിന്റെ സ്പന്ദനങ്ങൾ കാറ്റിൽ പോലും തൊട്ടറിയാൻ കഴിയുന്ന ഈ പൈതൃക ഗ്രാമത്തിലൂടെ നടക്കുമ്പോൾ വേറിട്ടൊരു അനുഭവമാണ് സഞ്ചാരികളെ പൊതിയുന്നത്.
പഴയകാല നജ്ദ് മേഖലയുടെ തനത് വാസ്തുവിദ്യാ മനോഹരിത വിളിച്ചോതുന്ന കളിമൺ വീടുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. പരസ്പരം തോളുരുമ്മി നിൽക്കുന്ന വീടുകളും, സന്ദർശകരെ സ്വാഗതം ചെയ്യുന്ന മനോഹരമായ പ്ലാസ്റ്റർ കൊത്തുപണികളും പരമ്പരാഗത അലങ്കാരങ്ങളും നിറഞ്ഞ 'മജ്‌ലിസുകളും' ഏതു സഞ്ചാരിയുടെയും മനംകവരും. അൽ ഉലയയിലെ ഇടുങ്ങിയ ഇടവഴികളിലൂടെ നടക്കുമ്പോൾ, വണ്ടിച്ചക്രങ്ങൾ തീർത്ത പൊടിപടലങ്ങൾക്കും മൺചുവരുകളുടെ തണുപ്പിനുമിടയിൽ പഴയകാല ഹാഇൽ ജനതയുടെ സാമൂഹിക ജീവിതത്തിെൻറ ഇരമ്പലുകൾ അനുഭവപ്പെടും.
ഹാഇൽ നഗരത്തിന്റെ പ്രാദേശിക തനിമ വെളിവാക്കുന്ന ഈ വാസ്തുവിദ്യാ അത്ഭുതം കേവലം ഒരു ചരിത്രശേഷിപ്പ് മാത്രമല്ല. പൈതൃക സംരക്ഷണത്തിലും പുനരുദ്ധാരണത്തിലും അധികാരികൾ കാണിക്കുന്ന സവിശേഷ ശ്രദ്ധ ഈ ചരിത്രഭൂമിയുടെ സാംസ്കാരികവും വിനോദസഞ്ചാരപരവുമായ മൂല്യം ഇരട്ടിയാക്കുന്നു. ഭൂതകാലത്തിന്റെ ഓർമച്ചെപ്പും വർത്തമാനകാലത്തിന്റെ വിനോദസഞ്ചാര സാധ്യതകളും ഒത്തുചേരുമ്പോൾ, സഞ്ചാരികൾക്ക് അൽ ഉലയ സമ്മാനിക്കുന്നത് അപൂർവ്വമായ ഒരു പൈതൃകാനുഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.