റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ക്രൂയിസ് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി സഖ്യസേന, നാലാം നമ്പർ പാസഞ്ചർ ലോഞ്ചിൽ തീപിടുത്തം
റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം. വിമാനത്താവളത്തിലെ നാലാം നമ്പർ പാസഞ്ചർ ലോഞ്ചിൽ അജ്ഞാതമായ ഒരു പ്രൊജക്റ്റൈൽ (മിസൈൽ/സ്ഫോടകവസ്തു) പതിച്ച് ആക്രമണമുണ്ടായതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ഈ ആക്രമണം ഒരു തീപിടുത്തത്തിന് കാരണമായതായും ബന്ധപ്പെട്ട അധികാരികൾ സ്ഥലത്ത് പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കിങ് ഖാലിദ് വിമാനത്താവളത്തിന്റെ പരിസരത്ത് വെച്ച് ഒരു ക്രൂയിസ് മിസൈൽ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സിവിൽ ഏവിയേഷൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നിരന്തരമായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച വൈകുന്നേരം റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ഞായറാഴ്ച വിമാനത്താവളത്തിലെ നാലാം നമ്പർ പാസഞ്ചർ ലോഞ്ചിൽ അജ്ഞാതമായ ഒരു പ്രൊജക്റ്റൈൽ പതിച്ച് ആക്രമണമുണ്ടായിരിക്കുന്നത്.
ശനിയാഴ്ചത്തെ ആക്രമണത്തിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ഈ ആക്രമണത്തിൽ 12 പേർ മരണപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവരടക്കം എല്ലാവർക്കും വിവിധ ആശുപത്രികളിൽ ആവശ്യമായ ആരോഗ്യ പരിചരണം നൽകിവരുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.