മൂലകോശ ചികിത്സയിലെ പുരോഗതികൾ ചർച്ച ചെയ്യാൻ അന്താരാഷ്ട്ര സമ്മേളനം റിയാദിൽ
ദമ്മാം: സ്റ്റെം സെൽ, ജീൻ ചികിത്സാരംഗങ്ങളിലെ പുതിയ പുരോഗതികൾ ചർച്ച ചെയ്യുന്നതിനായി അൽഫൈസൽ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23, 24 തീയതികളിൽ റിയാദിൽ രണ്ടാം സ്റ്റെം സെൽ തെറാപ്പി സമ്മേളനം നടക്കും.
“സ്റ്റെം സെൽ തെറാപ്പി: ചികിത്സാരംഗത്തെ പുതിയ മാതൃകയും പുനരുജ്ജീവന വൈദ്യശാസ്ത്രത്തിലെ പങ്കും” എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഗവേഷകർ, ഡോക്ടർമാർ, വിദഗ്ധർ, നവോത്ഥാന പ്രവർത്തകർ എന്നിവർ പങ്കെടുക്കും. സ്റ്റെം സെൽ ജീവശാസ്ത്രം, ജീൻ തെറാപ്പി, സെൽ എൻജിനീയറിംഗ്, ജീൻ-എഡിറ്റിംഗ് സാങ്കേതികവിദ്യകൾ, പ്രിസിഷൻ മെഡിസിൻ, ജീനോമിക്സ്, കൃത്രിമ ബുദ്ധി (എ.ഐ ) എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ശാസ്ത്രീയ കണ്ടെത്തലുകളെ പ്രായോഗിക ചികിത്സാരീതികളാക്കി മാറ്റുന്നതിനുള്ള മാർഗങ്ങളും സമ്മേളനത്തിൽ പരിഗണിക്കും.
ധാർമ്മികവും നിയമപരവുമായ വിഷയങ്ങൾക്കും സമ്മേളനത്തിൽ പ്രാധാന്യമുണ്ട്. ഗവേണൻസ്, വിവരാവബോധത്തോടെയുള്ള സമ്മതം, ഗുണനിലവാര ഉറപ്പാക്കൽ എന്നിവ ചർച്ച ചെയ്യപ്പെടും. ബയോബാങ്കിംഗ്, സാമ്പിളുകളുടെ സംരക്ഷണം, ക്ലിനിക്കൽ വിവരങ്ങളും ജനിതക വിവരങ്ങളും തമ്മിലുള്ള ബന്ധം എന്നിവയും പ്രത്യേക സെഷനുകളിൽ ചർച്ച ചെയ്യും.
രാജ്യത്തിനകത്ത് കോശചികിത്സാ ഉൽപ്പാദനരംഗത്ത് സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നത്. 2024-ൽ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി സി എ ആർ -ടി ചികിത്സയ്ക്കുള്ള ടി-സെല്ലുകൾ പ്രാദേശികമായി നിർമ്മിച്ച് ചികിത്സാചെലവ് 80 ശതമാനം വരെ കുറച്ചിരുന്നു.
2030ഓടെ സൗദിയെ മേഖലയിലെ ബയോടെക്‌നോളജി രംഗത്ത് മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദേശീയ ബയോടെക്‌നോളജി തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം സംരംഭങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.