റിയാദിലെ അലിഫ് ഇൻ്റർനാഷനൽ സ്കൂളിൽ നടന്ന സൗദി ദേശീയദിന പരിപാടികളിൽ നിന്ന്.
റിയാദ്: വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ അണിനിരന്ന വർണ്ണാഭമായ വിദ്യാർത്ഥി ഘോഷയാത്ര ഉൾപ്പെടെ വിപുലമായ കലാപരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ച് റിയാദിലെ അലിഫ് ഇൻ്റർനാഷനൽ സ്കൂൾ.
സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്കാരിക ഔന്നിത്യവും വിഷൻ 2030 ആവിഷ്കരിക്കുന്ന വികസനക്കുതിപ്പും അടയാളപ്പെടുത്തുന്ന വിദ്യാർത്ഥികളുടെ കലാപരിപാടികൾ കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി.
സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സുൽത്താൻ അബ്ദുഹ്മാൻ അൽ മുഫൈരിജി മുഖ്യാതിഥിയായി. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹ്മദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ദേശീയ ദിനാഘോഷ സന്ദേശം നൽകി.
രണ്ട് ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളിൽ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഒന്നാം ദിവസം കെ.ജി, ഗ്രേഡ് ഒന്ന് വിദ്യാർത്ഥികളുടെ പ്രസംഗം, ഡാൻസ്, അറബി ഗാനം, പരമ്പരാഗത ഡാൻസ് തുടങ്ങിയ പരിപാടികൾ നടന്നു. രണ്ടാം ദിനം സാമ്പത്തിക വളർച്ചയുടെ സൗദി മാതൃക വിളിച്ചറിയിക്കുന്ന നിരവധി കലാപരിപാടികൾക്ക് വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകി. ദേശഭക്തി ഗാനവും സ്കിറ്റും ഏറെ ശ്രദ്ധേയമായി.
ഖാലിദ് മുഹമ്മദ് കുഹൈൽ, ഫൈസൽ തൗഫീഖ് ഹസൻ ജിസ്തീനിയ്യ, അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടർ അബ്ദുൽ നാസർ മുഹമ്മദ്, നെസ്റ്റോ ഡയറക്ടർ അബ്ദുനാസർ, അലിഫ് ഗ്ലോബൽ സ്കൂൾ ഡയറക്ടർ മുഹമ്മദ് അഹമ്മദ്, ബോയ്സ് വിഭാഗം മാനേജർ മുഹമ്മദ് അൽ ഖഹ്താനി, ഗേൾസ് വിഭാഗം മനേജർ മുനീറ അൽ സഹ് ലി, ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഗോൾസ് വിഭാഗം പ്രധാന അധ്യാപിക ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.
ദേശീയ ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയ കോഡിനേറ്റർമാരായ മുഹമ്മദ് ശമീർ, ഫർസാന ജബീൻ, വിസ്മി രതീഷ് എന്നിവരെ അലിഫ് മാനേജ്മെൻ്റ് പ്രത്യേകം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.