‘അൽ വഹ്ബ ക്രെയ്റ്റർ’ എന്ന പേരിലറിയപ്പെടുന്ന അഗ്നിപർവത പ്രദേശം
യാംബു: സൗദി അറേബ്യയിലെ അഗ്നിപർവത ഭൂപ്രകൃതിയിൽ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ‘അൽ വഹ്ബ ക്രെയ്റ്റർ’ എന്ന അഗ്നിപർവത ഗർത്തം രാജ്യത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മുൻപന്തിയിൽ ശ്രദ്ധ നേടുന്നു. ത്വാഇഫിൽനിന്ന് 250 കിലോമീറ്റർ അകലെ ‘ഹരാത് കിഷബ്’ എന്ന മരുഭൂമി സമതലത്തിലാണ് ഈ പ്രകൃതിവിസ്മയം സ്ഥിതി ചെയ്യുന്നത്.
820 അടി (250 മീറ്റർ) താഴ്ചയും രണ്ടര കിലോമീറ്റർ ചുറ്റളവുമുള്ള ഈ വൃത്താകാര ഭൗമഗർത്തം സന്ദർശകർക്ക് അത്ഭുതകരമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. ആകാശത്തുനിന്ന് നോക്കുമ്പോൾ ഭൂമിയിലേക്ക് പതിച്ച ഒരു കപ്പ് ചായ പോലെ തോന്നിക്കുന്ന ഇതിെൻറ രൂപം ഏറെ കൗതുകമുണർത്തുന്നതാണ്.
ഭൂമിശാസ്ത്രപരമായ പ്രാധാന്യവും സാഹസിക ടൂറിസവും ഒരുപോലെ സംയോജിപ്പിച്ചിരിക്കുന്ന ഈ പ്രദേശം, വിഷൻ 2030-െൻറ ഭാഗമായി ഇക്കോ ടൂറിസം പദ്ധതികൾ വികസിക്കുന്നതോടെ സഞ്ചാരികളുടെയും ഗവേഷക വിദ്യാർഥികളുടെയും പ്രിയപ്പെട്ട കേന്ദ്രമായി മാറി. സൗദിയിലെ പ്രധാനപ്പെട്ട ഭൂമിശാസ്ത്ര ലാൻഡ്മാർക്കുകളിൽ ഒന്നായ അൽ വഹ്ബ, വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രകൃതിയെക്കുറിച്ച് നേരിട്ട് പഠിക്കാനുള്ള ഒരു തുറന്ന ‘ലബോറട്ടറി’യാണെന്ന് ജിയോളജിസ്റ്റുകൾ വിശേഷിപ്പിക്കുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് ഭൂഗർഭജലവും ലവണങ്ങളും ഭൂമിക്കടിയിലെ ‘മാഗ്മ’യുമായി പ്രതിപ്രവർത്തിച്ചുണ്ടായ അഗ്നിപർവത സ്ഫോടനത്തിലൂടെയാണ് (മാർ ക്രെയ്റ്റർ) ഈ ഗർത്തം രൂപപ്പെട്ടതെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ നിഗമനം.
ഗർത്തത്തിെൻറ ഉപരിതലത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന സോഡിയം ഫോസ്ഫേറ്റ് ക്രിസ്റ്റലുകളാണ് ഇതിന് മനോഹരമായ വെളുത്ത പുതപ്പിെൻറ ചാരുത നൽകുന്നത്.
സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് നിലവിൽ അൽ വഹ്ബ ഗർത്തത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശകർക്കായി വിശ്രമകേന്ദ്രം, പ്രാർഥനാ സ്ഥലം എന്നിവയുൾപ്പെടെയുള്ള ആകർഷകമായ പ്രവേശന കവാടവും അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഗർത്തത്തിന് ചുറ്റും സംരക്ഷണ മതിലും സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്തിെൻറ സമ്പന്നമായ ഭൂമിശാസ്ത്ര പൈതൃകം വിളിച്ചോതുന്ന അൽ വഹ്ബ, സൗദിയിലെ മുൻനിര പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇതിനകം മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.