യാംബുവിലെ വ്യാവസായിക തുറമുഖം
കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി യാംബു വ്യാവസായിക തുറമുഖം
യാംബു: സൗദി അറേബ്യയിലെ മൊത്തം തുറമുഖങ്ങൾ വഴിയുള്ള കയറ്റുമതിയിൽ 50.7 ശതമാനവും (11.52 കോടി ടൺ) കൈകാര്യം ചെയ്ത് യാംബു വ്യാവസായിക തുറമുഖം റെക്കോർഡ് നേട്ടം കൈവരിച്ചു. സൗദി പോർട്ട് അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.
അതേസമയം, ചരക്ക് ഇറക്കുമതിയിൽ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് പോർട്ടാണ് ഒന്നാമതെത്തിയത്. രാജ്യത്തേക്കുള്ള മൊത്തം ഇറക്കുമതിയുടെ 34.3 ശതമാനവും (3.92 കോടി ടൺ) ഈ പോർട്ട് വഴിയാണ് എത്തിയത്. അതോറിറ്റിയുടെ കണക്കുകൾ പ്രകാരം സൗദിയിലെ തുറമുഖങ്ങൾ വഴി കയറ്റി അയച്ച ആകെ ചരക്ക് 22.72 കോടി ടണ്ണിലെത്തി. ഇത് 2.1 ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തുന്നത്.
രാജ്യത്തേക്കുള്ള ആകെ ഇറക്കുമതി അഞ്ച് ശതമാനം വർധിച്ച് 11.43 കോടി ടണ്ണായും ഉയർന്നു. സൗദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവത്കരണവും ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമാകാനുള്ള രാജ്യത്തിെൻറ മുന്നേറ്റവും എടുത്തു കാണിക്കുന്നതാണ് ഈ വിവരങ്ങൾ. എണ്ണയുടെയും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെയും പ്രധാന കയറ്റുമതി ഹബ്ബായി യാംബു വ്യവസായ നഗരം ഇതിനകം തന്നെ മാറിയിട്ടുണ്ട്.
പ്രാദേശിക പ്രതിസന്ധികൾ കാരണം ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ, സൗദി അരാംകോ തങ്ങളുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വഴി ക്രൂഡ് ഓയിൽ വൻതോതിൽ യാംബുവിലേക്ക് തിരിച്ചുവിട്ടത് തുറമുഖത്തിെൻറ കയറ്റുമതി ശേഷി വർധിക്കാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു.
ജുബൈൽ, യാംബു വ്യവസായ നഗരങ്ങളിലെ ആകെ നിക്ഷേപം 1.5 ലക്ഷം കോടി റിയാൽ കവിഞ്ഞത് പ്രാദേശിക ഉൽപ്പാദനത്തിനും തുറമുഖം വഴിയുള്ള ആഗോള കയറ്റുമതിക്കും വലിയ കരുത്തേകി. കെമിക്കൽ ഉൽപ്പന്നങ്ങൾ, എണ്ണ ഉൽപ്പന്നങ്ങൾ, സിമൻറ് എന്നിവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ടെർമിനലുകൾ തന്നെ യാംബു പോർട്ട് മേഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ, പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയാണ് ഇവിടെനിന്ന് പ്രധാനമായും കയറ്റിയയക്കുന്നത്. സൗദി വിഷൻ 2030-െൻറ ഭാഗമായി രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് യാംബു വ്യാവസായിക തുറമുഖത്തിെൻറ ഈ മുന്നേറ്റം വലിയ ഊർജമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.