തർക്കങ്ങൾ സമാധാന മാർഗങ്ങളിലൂടെ പരിഹരിക്കണം; അന്താരാഷ്​ട്ര ജലപാതകളുടെ സുരക്ഷ ഉറപ്പാക്കണം: സൗദി വിദേശകാര്യ മന്ത്രി

റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളും അന്താരാഷ്​ട്ര തർക്കങ്ങളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നും അന്താരാഷ്​ട്ര ജലപാതകളിലെ കപ്പൽ ഗതാഗത സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസ്താവിച്ചു.

ഐക്യരാഷ്​ട്രസഭ ജനറൽ അസംബ്ലിയുടെ 81-ാമത് ഉന്നതതല പ്രതിവാര പ്രവർത്തന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കേണ്ടതി​െൻറ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. അന്താരാഷ്​ട്ര നിയമതത്വങ്ങൾ മുറുകെ പിടിക്കുന്നതിലൂടെ മാത്രമേ എല്ലാ രാജ്യങ്ങളുടെയും സുരക്ഷ സംരക്ഷിക്കാനും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എൻ സമ്മേളനത്തിലെ സൗദിയുടെ പങ്കാളിത്തം അന്താരാഷ്​ട്ര സമൂഹവുമായുള്ള ആശയവിനിമയം ശക്തമാക്കുന്നതിനും, അന്താരാഷ്​ട്ര സമാധാനവും സുരക്ഷയും പിന്തുണയ്ക്കുന്നതിൽ രാജ്യത്തി​െൻറ പങ്ക് തുടരുന്നതിനുമുള്ള നയത്തി​െൻറ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. സംവാദങ്ങളും മധ്യസ്ഥശ്രമങ്ങളും സജീവമാക്കി പൊതുവായ ആഗോള വെല്ലുവിളികളെ നേരിടാൻ സൗദി മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വിശ്വാസം വീണ്ടെടുക്കലും മാറ്റങ്ങളെ നയിക്കലും: എല്ലാവരുടെയും പ്രതീക്ഷകൾ സാക്ഷാത്കരിക്കുന്ന ഐക്യരാഷ്​ട്രസഭ’ എന്ന പ്രമേയത്തിൽ നടക്കുന്ന ഈ സമ്മേളനം, അന്താരാഷ്​ട്ര സ്ഥാപനങ്ങളുടെ അടിസ്ഥാന തത്വങ്ങൾ വീണ്ടും ഉറപ്പിക്കാനുള്ള വലിയൊരു അവസരമായാണ് സൗദി അറേബ്യ കാണുന്നത്. അന്താരാഷ്​ട്ര സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും നിയമമര്യാദകൾ പാലിക്കുന്നതിലും ആഗോള സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ട്.

ഇത്തവണത്തെ യു.എൻ പങ്കാളിത്തത്തിൽ സുസ്ഥിര വികസനത്തിന് സൗദി വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ വികസനത്തിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതി​െൻറ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി അറേബ്യ 2026-നെ ‘ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വർഷ’മായി പ്രഖ്യാപിച്ച കാര്യവും വിദേശകാര്യ മന്ത്രി സമ്മേളനത്തിൽ പരാമർശിച്ചു.

Tags:    
News Summary - Disputes must be resolved through peaceful means; security of international waterways must be ensured: Saudi Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.