റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ വ്യോമഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് പുതിയ അൽ ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനസജ്ജമായി. അൽ ജൗഫ് ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽജാസർ, സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവൈലിജ് എന്നിവരുൾപ്പെടെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
സൗദിയുടെ വടക്കൻ പ്രവിശ്യയിലെ സാമ്പത്തിക-ടൂറിസം വികസനത്തിന് പുതിയ വിമാനത്താവളം വലിയ കരുത്ത് പകരുമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ വിമാനത്താവളത്തിന്റെ ശേഷിയും സൗകര്യങ്ങളും പഴയതിനേക്കാൾ പല മടങ്ങ് ഇരട്ടിയാണ്. പ്രതിവർഷം 16 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. മുമ്പ് ഉണ്ടായിരുന്ന 1.75 ലക്ഷം ശേഷിയേക്കാൾ ഒമ്പത് മടങ്ങ് കൂടുതലാണിത്. ടെർമിനൽ വിസ്തൃതി ആകെ 24,000 ചതുരശ്ര മീറ്ററിൽ അത്യാധുനിക രീതിയിലാണ് പുതിയ ടെർമിനൽ നിർമിച്ചിരിക്കുന്നത്.
ആഭ്യന്തര-അന്തർദേശീയ സർവിസുകൾക്കായി 11 ഗേറ്റുകൾ, 16 ചെക്ക്-ഇൻ കൗണ്ടറുകൾ (രണ്ട് സെൽഫ് സർവിസ് കിയോസ്കുകൾ ഉൾപ്പെടെ), ഏഴ് സ്മാർട്ട് ഗേറ്റുകൾ, 648 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം, 470 മീറ്റർ നീളമുള്ള ബാഗേജ് ബെൽറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 1,700 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഷോപ്പിങ്-നിക്ഷേപ മേഖലകളും കുട്ടികൾക്കായുള്ള പ്രത്യേക കളിസ്ഥലങ്ങളും ഇവിടെയുണ്ട്.
‘മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണിത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സുരക്ഷ സംവിധാനങ്ങളും ഉപയോഗിച്ചാണ് വിമാനത്താവളം സജ്ജമാക്കിയിരിക്കുന്നത്. ഇത് പ്രദേശത്തെ താമസക്കാരുടെ യാത്ര സുഗമമാക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും’ -ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽജാസർ വ്യക്തമാക്കി. വടക്കൻ സൗദിയിലേക്കുള്ള പ്രധാന കവാടമായി മാറുന്ന ഈ വിമാനത്താവളം, വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.