ജിദ്ദ: ഖാലിദ് ബിൻ വലീദ് സ്ട്രീറ്റ് ഹിലാൽ ശാം സ്റ്റേഡിയത്തിൽ നടന്നുവരുന്ന അഞ്ചാമത് അൽഅബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിന്റെ ഫൈനൽ മത്സരങ്ങൾ വ്യാഴാഴ്ച നടക്കും. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) പ്രസിഡന്റ് ബേബി നീലാമ്പ്ര ഫൈനൽ ഉദ്ഘാടനം ചെയ്യും. രാത്രി 11ന് തുടങ്ങുന്ന സെക്കൻഡ് ഡിവിഷൻ ഫൈനലിൽ തുറയ്യ മെഡിക്കൽസ് യാസ് എഫ്.സി, അൽഅബീർ ബ്ലൂസ്റ്റാർ ബി ടീമുമായി ഏറ്റുമുട്ടും. ലീഗ് റൗണ്ടിൽ തോൽവി അറിയാതെ ഫൈനലിലെത്തിയ ഇരു ടീമുകളും ജിദ്ദ, മക്ക, റിയാദ് എന്നിവിടങ്ങളിൽനിന്നുള്ള പ്രഗത്ഭ താരങ്ങളെ അണിനിരത്തി കരുത്തുറ്റ ടീമുമായാണ് മത്സരത്തിനിറങ്ങുന്നത്.
മുന്നേറ്റ നിരയിലെ ആഷിഖ് പാറമ്മൽ, കുഞ്ഞാലി അബീർ, പ്രതിരോധത്തിൽ ക്യാപ്റ്റൻ മുസ്തഫ മേൽമുറി, അജ്മൽ നെല്ലായ തുടങ്ങിയവരാണ് ബ്ലൂസ്റ്റാറിന്റെ കരുത്തെങ്കിൽ, മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന പരിചയ സമ്പന്നനായ മാജിദ്, ക്യാപ്റ്റൻ സഈദ് മുഹമ്മദ്, നിഹാൽ അമീർ, ജുനൈസ് എന്നിവരിലാണ് യാസ് എഫ്.സിയുടെ പ്രതീക്ഷ. രാത്രി 12ന് സൂപ്പർ ലീഗിന്റെ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഷറഫിയ ട്രേഡിങ് സബീൻ എഫ്.സി, ആദാബ് ബിരിയാണി ഹൗസ് എ.സി.സിയുമായി ഏറ്റുമുട്ടും.
ഫൈനൽ മത്സരത്തോടനുബന്ധിച്ച് നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെ കാണികളിൽനിന്ന് തെരഞ്ഞെടുക്കുന്നർക്ക് ബമ്പർ സമ്മാനമുൾപ്പെടെ നിരവധി സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ബ്ലൂസ്റ്റാർ ക്ലബിന്റെ ഫേസ്ബുക്ക് പേജിൽ ഫൈനൽ മത്സരത്തോടനുബന്ധിച്ച് പ്രവചനമത്സരവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.