റിയാദ് : കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാർഹവും തീരുമാനത്തിൽ നിന്ന്പിന്മാറണമെന്നും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഒക്ടോബർ അവസാന വാരം നിലവിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള 75 ഓളം സർവീസുകൾ റദ്ദാക്കുമെന്നാണ് റിപ്പോർട്ട്. ഇതിൽ 25 സർവീസുകൾ ഗൾഫ് മേഖലയിലെ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് വെട്ടിക്കുറയ്ക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ നീക്കവുമായി മുന്നോട്ട് പോകുന്ന പക്ഷം വിഷയത്തിൽ അടിയന്തരമായി ഇടപെടൽ ആവശ്യമാണെന്ന കാര്യം കെ.എം.സി.സി നേതാക്കൾ മാതൃസംഘടനയായ മുസ്ലിംലീഗ് നേതാക്കളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്നും സർവീസ് വെട്ടികുറക്കൽ നടപടിയുമായി മുന്നോട്ട് പോകുന്നത് പ്രവാസികൾക്ക് വലിയ യാത്ര ദുരിതമാണ് സമ്മാനിക്കുകയെന്ന് മുഖ്യരക്ഷാധികാരി കെ.പി മുഹമ്മദ്‌കുട്ടി, പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള എന്നിവർ പറഞ്ഞു.
ഈ നീക്കം സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുമെന്നും വിമാന ടിക്കറ്റ് നിരക്ക് വർധിക്കുന്നതിനും യാത്രാദുരിതങ്ങൾക്കും ഇത് വഴിവെക്കുമെന്നും ആയതിനാൽ ഈ നീക്കത്തിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് പിൻമാറണമെന്നും കെ.എം.സി.സി നേതാക്കൾ ആവശ്യപ്പെട്ടു. പ്രവാസികളെ ദുരിതത്തിലാക്കുന്ന നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി, കേരള മുഖ്യമന്ത്രി, എയർ ഇന്ത്യ എക്സ്പ്രസ്സ് മാനേജ്‌മെന്റ് എന്നിവർക്ക് അടിയന്തര സന്ദേശമയക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.