‘റോബോട്ട് മനാറ’യുടെ രണ്ടാം പതിപ്പ് പുറത്തിറങ്ങിയപ്പോൾ
മക്ക: മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയും എത്തുന്ന തീർഥാടകരുടെ അന്വേഷണങ്ങൾക്ക് ഒന്നിലധികം ഭാഷകളിൽ മറുപടി നൽകുന്നതിനായി ആർട്ട്ഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘റോബോട്ട് മനാറ’യുടെ രണ്ടാം പതിപ്പ് പുറത്തിറങ്ങി. ഹജ്ജ് സീസണിൽ ഇരു ഹറമുകളിലും എത്തുന്ന വിശ്വാസികളുടെ ആത്മീയ അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെ ഇരുഹറം കാര്യാലയം ഒരുക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളുടെ ഭാഗമാണിത്.
ഹജ്ജിന്റെ സാർവത്രിക സന്ദേശം കൈമാറാനും കർമപരമായ കാര്യങ്ങളും ശരീഅത്ത് വ്യവസ്ഥകളും ഒന്നിലധികം ഭാഷകളിൽ പരിചയപ്പെടുത്താനും കഴിയുന്ന എ.ഐ റോബോട്ട് ആണ് ‘മനാറ 2.0’. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമഗ്രവും നിയന്ത്രിതവുമായ ഡാറ്റ ബേസിലൂടെ മതപരവും നിയമപരവുമായ അന്വേഷണങ്ങൾക്ക് തത്സമയം ഉത്തരം നൽകുന്നതിന് എ.ഐ നൽകുന്ന സ്മാർട്ട് റഫറൻസ് എന്ന നിലയിലാണ് ‘റോബോട്ട് മനാറ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിരവധി സ്മാർട്ട് ഇന്ററാക്ടീവ് സ്ക്രീനുകൾ, ആഗോള ഇലക്ട്രോണിക് പ്ലാറ്റ്ഫോം, സൂറ അൽ ഫാത്തിഹയുടെ പാരായണവും ബഹുഭാഷയിൽ വിശദീകരണവുമുള്ള ആപ് എന്നിവ രണ്ടാം പതിപ്പിൽ ഉൾപ്പെടുന്നു.
ഹജ്ജ് സീസണിൽ എത്തുന്ന വിശ്വാസികൾക്ക് വൈവിധ്യമാർന്ന സംവിധാനങ്ങളിലൂടെ സംയോജിത സേവനങ്ങൾ നൽകാനും എ.ഐ, സ്മാർട്ട് ആപ്പുകൾ, മീഡിയ എന്നിവയിലൂടെ ഡിജിറ്റൽ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.