??? ?????

പ്രായത്തെ തോല്‍പിച്ച്  പഠന വഴിയില്‍ അബൂ ഫവാസ് 

റിയാദ്: വാര്‍ധക്യത്തിലും അറിവു നേടാനുള്ള മോഹത്തിന് ചുളിവു വീഴാതെ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം തുടരുന്ന അബു ഫവാസ് എന്ന സൗദി പൗരന്‍ പുതു തലമുറക്ക് ആവേശവും പ്രചോദനവുമാകുന്നു. റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്ലാമിക് സര്‍വകലാശാലയിലാണ് 66 കാരനായ ഇദ്ദേഹം പി.എച്ച്.ഡി പഠനം തുടരുന്നത്. രണ്ടു വര്‍ഷത്തിനകം ഡോക്ടറേറ്റ് ബഹുമതി കരസ്ഥമാക്കാനാവുമെന്ന നിറ പ്രതീക്ഷയിലാണ് സര്‍വകലാശാലയിലെ ഏറ്റവും പ്രായം ചെന്ന വിദ്യാര്‍ഥി. ജീവിത തിരക്കുകള്‍ കാരണം കാല്‍ നൂറ്റാണ്ട് മുമ്പ് അവസാനിച്ച പഠനത്തിന്‍െറ വഴിയിലേക്കാണ് 10 മക്കളുടെ പിതാവായ ഹമൂദ് ശമ്മരി എന്ന അബൂ ഫവാസ് നിശ്ചയദാര്‍ഡ്യത്തോടെ കടന്നു വന്നത്. മക്കളെ വളര്‍ത്തി വലുതാക്കിയതിന് ശേഷം പഠനം തുടരണമെന്ന ആഗ്രഹം ഈ മനുഷ്യന്‍ സഫലമാക്കുകയായിരുന്നു. ഗ്രാമീണ കുടുംബത്തില്‍ ജനിച്ച് ഇദ്ദേഹത്തിന് സ്കൂളില്‍ വെച്ചു തന്നെ പഠനം നിര്‍ത്തേണ്ടി വന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍ത്തിയേടത്തു നിന്നു ത ന്നെ പഠനം തുടങ്ങുകയായിരുന്നു. ഹയര്‍സെക്കന്‍ഡറിയും കോളജും കടന്ന് ഇപ്പോള്‍ പി.എച്ച്.ഡിയിലേക്കുള്ള വഴിയിലാണ് അദ്ദേഹം. ആ സ്വപ്ന സാഫല്യത്തിന് ഇനി രണ്ടു വര്‍ഷം കൂടി മതി. അത് പൂര്‍ത്തിയായാല്‍ ഏറ്റവും പ്രായം കൂടിയ പി.എച്ച്.ഡി ബിരുദധാരിയായി അബൂ ഫവാസ് മാറും. മതങ്ങളുടെ ചരിത്രമാണ് കോളജില്‍ പഠിച്ചത്. അവിടെ നിര്‍ത്താതെ പി.എച്ച്.ഡി പഠനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം അറബി ഭാഷ വിഭാഗത്തിലാണ് പ്രവേശനം ലഭിച്ചത്. പിന്നീടാണ് ചരിത്രത്തിലേക്ക് എത്തിയത്. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനമാണ് പ്രചോദനമായതെന്ന് അബു ഫവാസ് പറയുന്നു. ഗ്രാമീണനായ താന്‍ മരുഭൂമിയിലാണ് ജീവിച്ചത്. അവിടെ ജീവിച്ചാണ് മക്കളെയെല്ലാം വളര്‍ത്തിയത്. ഈ ജീവിതാനുഭവം പഠന വഴിയില്‍ എല്ലാ പ്രയാസങ്ങളെയും അതിജീവിക്കാന്‍ കരുത്തു നല്‍കി. തന്‍െറ ജീവിതാനുഭവമാണ് സഹപാഠികള്‍ പലരും അദ്ഭുതത്തോടെ ചോദിക്കുന്നത്. പറഞ്ഞറിയാക്കാനാവാത്ത സന്തോഷമാണത്. അബൂ ഫവാസിന്‍െറ താല്‍പര്യം കണ്ട് അദ്ദേഹത്തിന്‍െറ കോളജ് ജീവിതം അധ്യാപകനായ ഡോ. ഫവാസ് അല്‍ ലാബോന്‍ വീഡിയോ പകര്‍ത്തിയിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍. 
Tags:    
News Summary - Age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.