പ്രതീകാത്മക ചിത്രം
റിയാദ്: തീർഥാടകർക്ക് നൽകേണ്ട താമസസൗകര്യങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയ രണ്ട് ഉംറ കമ്പനികൾക്കെതിരെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം കർശന നടപടി സ്വീകരിച്ചു. കരാർ പ്രകാരമുള്ള സേവനങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഈ കമ്പനികളുടെ പ്രവർത്തനം മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു. ഈജിപ്തിൽ നിന്നുള്ള തീർഥാടകർക്ക് അംഗീകൃത താമസസൗകര്യം ലഭ്യമാക്കാത്തതാണ് നടപടിക്ക് കാരണമായത്. ഈജിപ്ഷ്യൻ ടൂറിസം മന്ത്രാലയവുമായി സഹകരിച്ച്, വീഴ്ച വരുത്തിയ വിദേശ ഏജൻറുമാർക്കെതിരെയും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
തീർഥാടകർക്കായി നിശ്ചയിച്ചിരുന്ന പാക്കേജുകളിൽ താമസസൗകര്യം ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്രായോഗികമായി അത് ലഭ്യമായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത് തീർഥാടന ചട്ടങ്ങളുടെയും നിർദ്ദേശങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, പരാതി ഉയർന്ന ഉടൻ തന്നെ ഇടപെട്ട അധികൃതർ ദുരിതത്തിലായ എല്ലാ തീർഥാടകർക്കും പകരം താമസസൗകര്യങ്ങൾ ഉടനടി ഉറപ്പാക്കി.
തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും വേണ്ടിയാണ് ഇത്തരം അടിയന്തര നടപടികൾ സ്വീകരിക്കുന്നത്. വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി തീർഥാടകരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രാലയം അറിയിച്ചു. സേവനങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് ‘ചുവന്ന വര’ മറികടക്കുന്നതിന് തുല്യമാണെന്നും, കരാർ ബാധ്യതകളിൽ ഒരു തരത്തിലുള്ള വീഴ്ചയും അനുവദിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. എല്ലാ ഉംറ കമ്പനികളും അംഗീകൃത ചട്ടങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.