റിയാദ്: നഗരത്തിൽ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും തടസ്സമായി നിയമ വിരുദ്ധമായി സ്ഥാപിച്ച 5,000 ത്തോളം കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ റിയാദ് നഗരസഭ അധികൃതർ നീക്കം ചെയ്തു. ആദ്യ ഘട്ടത്തിൽ സർക്കാർ, ഭരണ നിർവഹണ കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള 39 സ്ഥലങ്ങളിലുള്ള ബാരിക്കേഡുകളാണ് നീക്കം ചെയ്തത്. രണ്ടാം ഘട്ടത്തിൽ തടസ്സ സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും മുൻഗണനകൾക്കനുസരിച്ച് അവ ക്രമേണ പരിഹരിക്കുന്നതിനുമുള്ള ഒരു സമഗ്ര പദ്ധതി വികസിപ്പിച്ചെടുത്തു. വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും ചലനത്തെ തടസ്സപ്പെടുത്തുകയും താമസക്കാർക്ക് തടസ്സങ്ങളായി മാറുകയും ചെയ്ത കോൺക്രീറ്റ് ബാരിക്കേഡുകള്‍ നീക്കം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇത് തലസ്ഥാനത്തെ ഗതാഗതത്തിന്റെ സുഗമമായ ഒഴുക്കിനെയും നഗര ഭൂപ്രകൃതിയുടെ ഗുണനിലവാരത്തെയും ബാധിച്ചിട്ടുണ്ട്. പൊതു ഇടങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാനും താമസക്കാരുടെ യാത്രാ കാര്യക്ഷമത മെച്ചപ്പെടുത്താനും നടപടി ലക്ഷ്യമിടുന്നു. നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നഗരസഭ ആരംഭിച്ച സംരംഭങ്ങളിലൊന്നാണിത്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി ജനസംഖ്യാ വികാസത്തിനനുസരിച്ച് വേഗത നിലനിർത്തുന്നതിനും ആളുകളുടെയും വാഹനങ്ങളുടെയും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും നഗരസഭ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.