പി. ഹരീന്ദ്രനാഥ് രചിച്ച 'മഹാത്മാഗാന്ധി : കാലവും കർമപർവവും' തനിമ ദമ്മാം സോണൽ പ്രസിഡന്റിനു ഗ്രന്ഥകാരൻ കൈമാറുന്നു
ദമ്മാം : ഗാന്ധിയുടെ ദർശനങ്ങളായ ധാർമികതയും അഹിംസയും സത്യവും സമന്വയിക്കുന്ന സാമൂഹിക വീക്ഷണങ്ങൾക്ക് കൂടുതൽ പ്രസക്തമായി മാറുന്ന സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് പ്രമുഖ ചരിത്രഗ്രന്ഥകാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥ്. തനിമ ദമ്മാം സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ തന്റെ പുതിയ പുസ്തകമായ 'മഹാത്മാഗാന്ധി: കാലവും കർമപർവവും' തനിമ പ്രസിഡന്റ് സിനാനു കൈമാറിയ ശേഷം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗാന്ധിയെ സംബന്ധിച്ചിടത്തോളം സത്യംമെന്നത് കേവലം അസത്യത്തിന്റെ എതിർവാക്കല്ല മറിച്ച് ശുദ്ധീകരിക്കപ്പെട്ട മനഃസാക്ഷിയുടെ അവബോധമാണ്. ധാർമിക ബോധത്തിലൂടെ മാത്രമേ വ്യക്തിശുദ്ധീകരണം നടക്കുകയുള്ളൂ. ഈ സത്യമാണ് ഗാന്ധിയുടെ ദൈവം. ഇത്തരം ഒരു ധാർമികതയിലേക്ക് സമൂഹത്തെ ഉയർത്തുക എന്നതായിരുന്നു ഗാന്ധിയുടെ ജീവിതലക്ഷ്യം. വംശീയതയുടെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അശാന്തിയുടെയും ഈ സത്യാനന്തര കാലത്ത് ഗാന്ധിജി പകർന്നു നൽകിയ ജീവിതപാഠങ്ങൾ മാത്രമാണ് പരിഹാരം എന്ന തിരിച്ചറിവിലേക്കു ലോകം മാറുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതമെന്നാൽ ഈ മണ്ണിൽ പിറന്നുവീണ പേരും രൂപവും പുഞ്ചിരിയും നൊമ്പരവുമെല്ലാമുള്ള മനുഷ്യരുടെ സമഗ്രമായ കൂട്ടായ്മയാണെന്നു പറഞ്ഞ മഹാത്മജിയുടെ സഹനത്തിന്റെ കനൽവഴികൾ പുതിയ തലമുറ ഉൾക്കൊള്ളണമെന്നും കൂട്ടിച്ചേർത്തു. സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം കെ.എം. ബഷീർ സ്വാഗതം പറഞ്ഞു. ടി.പി. റഷീദ് സംസാരിച്ചു. തനിമ പ്രൊവിൻസ് പ്രസിഡന്റ് അൻവർ ഷാഫി സന്നിഹിതനായിരുന്നു. മിസ്ഹബ് ഖുർ ആനിൽ നിന്നും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.