ജിദ്ദ: ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്തെ നിറസാനിധ്യമായിരുന്നു ഞായറാഴ്ച നാട്ടിൽ നിര്യാതനായ എ. ഫാറൂഖ് ശാന്തപുരമെന്ന് തനിമ സാംസ്കാരിക വേദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ബഹുസ്വര സമൂഹവുമായി അദ്ദേഹം ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിച്ചു. ഏത് വിഷയത്തിലും വളരെ ആധികാരികമായി സംസാരിക്കാന്‍ എ.ഫാറൂഖിന് സാധിച്ചിരുന്നുവെന്നത് വൈജ്ഞാനിക രംഗത്തെ അദ്ദേഹത്തിൻെറ മികവിനെ എടുത്തുകാണിക്കുന്നു.
കേരള ഹജ്ജ് വെല്‍ഫയര്‍ ഫോറം രൂപീകരിക്കുന്നതിലും അതിനെ കെട്ടിപ്പടുക്കുന്നതിലും നിര്‍ണ്ണായക പങ്കായിരുന്നു അദ്ദേഹം വഹിച്ചത്. ജിദ്ദയിലെ വിത്യസ്ത മത, സാമൂഹിക, രാഷ്ട്രീയ സംഘടനകളുമായി അദ്ദേഹം ഊഷ്മളമായ ബന്ധം പുലര്‍ത്തി. മൂന്ന് പതിറ്റാണ്ടിലേറെ ജിദ്ദയില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തനിമ സാംസ്കാരിക വേദി രൂപീകരിക്കുന്നതിലും കെട്ടിപ്പടുക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു എ.ഫാറൂഖ് ശാന്തപുരം.
ജനസേവകന്‍, ബഹുഭാഷാ പണ്ഡിതന്‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ മുദ്രപതിപ്പിച്ച അപൂര്‍വ്വം പ്രവാസികളില്‍ ഒരാളായിരുന്നു അദ്ദേഹം. ജിദ്ദ തനിമ സാംസ്കാരിക വേദിയുടെ ഏത് ഉത്തരവാദിത്വവും വളരെ ഉല്‍സാഹത്തോടെ ഏറ്റെടുത്തിരുന്ന അദ്ദേഹം സംഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നതായി വെസ്റ്റേൻ പ്രൊവിന്‍സ് പ്രസിഡൻറ് എന്‍.കെ അബ്ദുറഹീം അഭിപ്രായപ്പെട്ടു. സംഘടനയുടെ ജനസേവന വിഭാഗം സാരഥി എന്ന നിലയില്‍ നിരവധി പ്രവാസികള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളാന്‍ ഫാറൂഖിന് സാധിച്ചു. സ്പോണ്‍സര്‍മാരുമായുള്ള പ്രശ്നത്തിൻെറ പേരില്‍ സാധാരണക്കാരായ പ്രവാസി മലയാളികള്‍ ഏറെ പ്രയാസപ്പെട്ടിരുന്ന കാലത്ത് അവരുടെ സ്പന്ദനങ്ങള്‍ മനസ്സിലാക്കി വ്യക്തിപരമായ സുഖശീതളഛായയില്‍ കഴിയുന്നതിന് പകരം അവരില്‍ ഒരാളായി അവരോടൊപ്പം ചേര്‍ന്ന് നിന്ന തനിമ സാംസ്കാരിക വേദിയുടെ ജനകീയ മുഖമായിരുന്നു എ.ഫാറൂഖ്.
ഖുര്‍ആന്‍ സ്റ്റഡി സെൻറർ, ജാലിയാത്ത് തുടങ്ങിയ വേദികളിലൂടെ ഖുര്‍ആന്‍ ക്ലാസുകളിലൂടെയും പൊതു പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം പ്രവാസലോകത്ത് സജീവ സാനിധ്യം അറിച്ചു. തനിമ സാംസ്കാരിക വേദിയുടെ കലാ കായിക മല്‍സരങ്ങളിലും ഒഴിച്ച് കൂടാന്‍ കഴിയാത്ത വ്യക്തിത്വമായിരുന്നു എ.ഫാറൂഖ്. അദ്ദേഹത്തിൻെറ വിയോഗത്തിൽ അനുശോചനം അറിയിച്ച ജിദ്ദ പൊതുസമൂഹത്തിന് നന്ദിയും കടപ്പാടും അറിയിക്കുന്നതായും എന്‍.കെ അബ്ദുറഹീം അറിയിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃകയായിരുന്നു എ. ഫാറൂഖ് ശാന്തപുരം - ജിദ്ദ പൗരാവലി
ജിദ്ദ: തൻെറ കഴിവുകൾ ഏതെല്ലാം മേഖലയിൽ ആർക്കെല്ലാം സഹായകരമാക്കാൻ സാധിക്കുമെന്ന് തെളിയിച്ച വ്യക്തിത്വമായിരുന്നു എ. ഫാറൂഖ് ശാന്തപുരമെന്ന് ജിദ്ദ പൗരാവലി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രവാസത്തിലും ഔദ്യോഗിക ജീവിതത്തിൻെറ തിരക്കിനിടയിലും ജീവകാരുണ്യ രംഗത്ത് എ. ഫാറൂഖ് നിറഞ്ഞു നിന്നിരുന്നുവെന്നും അദ്ദേഹത്തിൻെറ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണെന്നും ജിദ്ദ പൗരാവലി വിലയിരുത്തി. ജീവകാരുണ്യ പ്രവർത്തനത്തിൽ മുൻപന്തിയിലായ അദ്ദേഹം മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി മാത്രമാണ് ഇത് വരെ ജീവിച്ചത്. നിസ്വാര്‍ഥ ജീവകാരുണ്യപ്രവര്‍ത്തനവും നിഷ്‌കാമമായ ജനസേവനത്തിൻെറ അകളങ്കിത ജീവിതരീതിയും കാഴ്ചവെച്ച് കളം വിട്ടതുകൊണ്ടുതന്നെയാണ് എ. ഫാറൂഖിൻെറ വിയോഗം ഏവർക്കും നൊമ്പരമാകുന്നത്.
തൻെറ ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അഞ്ചെട്ടുവര്‍ഷം മുമ്പ് അദ്ദേഹത്തിൻെറ പ്രവാസജീവിതത്തിന് സഡന്‍ ബ്രേക്കായത് ജിദ്ദയിലെ പ്രവാസികളെയൊന്നടങ്കം പ്രയാസപ്പെടുത്തിയ നിമിഷങ്ങളായിരുന്നു. ദൈവം അദ്ദേഹത്തിൻെറ പരലോകജീവിതം സന്തോഷകരമാക്കട്ടെ എന്നും ദു:ഖാർത്ഥരായ കുടുംബത്തിന് സമാധാനവും ക്ഷമയും നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നതായും ജിദ്ദ പൗരാവലി ചെയർമാൻ അബ്ദുൽ അസീസ് പട്ടാമ്പി, ജനറൽ കൺവീനർ റാഫി ബീമാപള്ളി, ട്രഷറർ സലിം കരുവാരകുണ്ട്, രക്ഷാധികാരികളായ അബ്ദുൽ മജീദ് നഹ, സി.എം അഹമ്മദ്, കബീർ കൊണ്ടോട്ടി, ഹസ്സൻ കൊണ്ടോട്ടി, മുസ്തഫ ലാലു, വേണു അന്തിക്കാട്, ഷാനവാസ് മാഷ്, ഉണ്ണി തെക്കേടത്ത്, മൻസൂർ വയനാട്, ഹിഫ്‌സുറഹ്മാൻ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.