റിയാദ്: കേളി കലാസാംസ്കാരിക വേദി 12 മത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കേളി മലാസ് ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് ക്വിസ് നൈറ്റ് സംഘടിപ്പിച്ചു. റിയാദിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി രണ്ട് അംഗങ്ങൾ വീതമുള്ള 12 ടീമുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്തു. മലാസ് ഏരിയ ഹാര യൂനിറ്റ് അംഗം ശ്രീജിത് ക്വിസ് മാസ്റ്റർ ആയി മത്സരം നിയന്ത്രിച്ചു. 30 ചോദ്യങ്ങൾ പിന്നിട്ടപ്പോൾ സുലൈ ഏരിയ ടീം അംഗങ്ങളായ നാസർ കാരക്കുന്ന്, റിജേഷ് ടീം വിജയികളായി. രണ്ടാം സ്ഥാനം സഹൃദയ റിയാദ് ടീമിന്റെ അംഗങ്ങളായ അഘോഷ്, സുരേഷ് എന്നിവർ കരസ്ഥമാക്കി. മൂന്നാം സ്ഥാനം നസീം ഏരിയയിൽ നിന്നുള്ള സറഫുള്ള, കരീം പൈങ്ങോട്ടൂർ എന്നിവരടങ്ങുന്ന ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനും മൂന്നാം സ്ഥാനത്തിനും അഞ്ചു ടീമുകൾ തുല്യത പാലിച്ചതിനാൽ ടൈംബ്രേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ 30 സെക്കൻഡ് സമയമാണ് നൽകിയിരുന്നത്.
ക്വിസ് മത്സരം കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ അൻവർ അധ്യക്ഷതവഹിച്ചു. കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് ആശംസകൾ നേർന്നു. സുനിൽ കുമാർ, ജവാദ് പരിയാട്ട്, നസീർ മുള്ളൂർക്കര, മുകുന്ദൻ, ഷമീം എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. സംഘടക സമിതി ജോയന്റ് കൺവീനർ അഷ്റഫ് പൊന്നാനി സ്വാഗതവും മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.