ദമ്മാം: ഭാര്യയെ നാട്ടിലേക്ക് കയറ്റിവിട്ടശേഷം വിമാനത്താവളത്തിൽനിന്ന് തിരികെ താമസസ്ഥലത്ത് എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ദമ്മാമിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജീവനക്കാരനായ ആലുവ ചാലക്കൽ തോപ്പിൽ വീട്ടിൽ അബ്ദുൽ സത്താർ (56) ആണ് മരിച്ചത്. സന്ദർശന വിസയിൽ എത്തിയ ഭാര്യ ഷജീന ബീഗത്തെ ഞായറാഴ്ച പുലർച്ചെ ദമ്മാം വിമാനത്താവളം വഴി നാട്ടിലേക്ക് കയറ്റിവിട്ട ശേഷം ദമ്മാമിലെ റോയൽ മലബാർ ഹോട്ടലിന് സമീപമുള്ള താമസസ്ഥലത്തേക്ക് തിരിച്ചെത്തിയതായിരുന്നു സത്താർ.
ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നോടെ കൊച്ചിയിലെത്തിയ ഭാര്യ ഷജീന ആ വിവരം ഭർത്താവിനെ അറിയിക്കാൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഉറങ്ങുകയായിരിക്കും എന്നാണ് അവർ കരുതിയത്. പതിവായി കമ്പനിയിലേക്ക് സത്താറിനെ കൂട്ടിക്കൊണ്ടുപോകുന്ന സഹപ്രവർത്തകൻ രാവിലെ താമസസ്ഥലത്ത് എത്തി ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് വീട്ടിൽ കയറി കാളിങ് ബെല്ലടിച്ചു. പ്രതികരണമൊന്നും ഇല്ലാതെ വന്നതോടെ പൊലീസിനെ വിവരം അറിയിച്ചു.
പൊലിസ് സ്ഥലത്തെത്തി വീട് തുറന്നുനോക്കുമ്പോൾ കിടപ്പുമുറിയിൽ നിലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആംബുലൻസ് വരുത്തി പൊലീസ് മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ഫാത്തിമ (ഖത്തർ), ഫയാസ് (വിദ്യാർഥി).
മരണാനന്തര നിയമനടപടികൾ കെ.എം.സി.സി ജനസേവന വിഭാഗം ചുമതലയുള്ള കബീർ കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.