95-ാമത് സൗദി ദേശീയദിനം; 14 നഗരങ്ങളിലെ ആകാശം വെടിക്കെട്ടുകളാൽ തിളങ്ങും

റിയാദ്: ദേശീയ ദിനാഘോഷ ദിവസം സൗദിയുടെ 14 നഗരങ്ങളിലെ ആകാശം വെടിക്കെട്ടുകളാൽ തിളങ്ങും. യുദ്ധക്കപ്പലുകളും ബോട്ടുകളും സമുദ്ര പ്രദർശനത്തിൽ അണിനിരക്കും. ദേശീയ ദിനാഘോഷത്തിലെ പൊതുവിനോദ അതോറിറ്റിയുടെ പ്രധാന പരിപാടികളെക്കുറിച്ച് വിശദീകരിക്കവേ ചെയർമാൻ തുർക്കി ആലുശൈഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗദിയുടെ ആകാശങ്ങളിലും ബീച്ചുകളിലും വ്യോമ, സമുദ്ര പ്രദർശനങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികൾ അരേങ്ങറും. സൈനിക വാഹനങ്ങളും കുതിരപ്പടകളും അവതരിപ്പിക്കുന്ന കര പരേഡ്, ബാൻഡ് സംഘത്തിന്റെ പ്രകടനം എന്നിവയും ഉണ്ടായിരിക്കും.

നാളെ (ചൊവ്വ) രാത്രി ഒമ്പതിന് രാജ്യത്തെ നഗരങ്ങൾ വെടിക്കെട്ട് പ്രദർശനങ്ങൾക്ക് സാക്ഷ്യം വഹിക്കും. 14 സൗദി നഗരങ്ങളിലെ ആകാശത്തെ തിളക്കമുള്ള നിറങ്ങളാലും, ദേശീയ ദിനത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന സൃഷ്ടിപരമായ പ്രദർശനങ്ങളാലും പ്രകാശിപ്പിക്കും. റിയാദ് നിവാസികൾക്ക് ബൻബാൻ പ്രദേശത്ത് വെടിക്കെട്ട് ഷോ ആസ്വദിക്കാൻ കഴിയും. ദമ്മാമിലെ കടൽത്തീരത്തും ജിദ്ദയിൽ ജിദ്ദ ആർട്ട് പ്രൊമെനേഡിലും യാച്ച് ക്ലബിലും ഏഴ് മിനിറ്റ് നേരം സമാനമായ ഷോകൾ നടക്കും.

മദീനയിൽ കിങ് ഫഹദ് സെൻട്രൽ പാർക്കിലും ഹാഇലിലെ അൽസലാം പാർക്കിലും, അറാർ പബ്ലിക് പാർക്ക്, അമീർ അബ്ദുല്ല ഇലാഹ് കൾച്ചറൽ സെന്റർ സകാക്ക, അബഹയിലെ അൽമത്ൽ പാർക്ക്, ഇഹ്തിഫാൽ സ്‌ക്വയർ, അൽബഹ അമീർ ഹുസാം പാർക്ക്, തബൂക്ക് സെൻട്രൽ പാർക്ക്, ബുറൈദ കിങ് അബ്ദുല്ല നാഷണൽ പാർക്ക്, ജിസാൻ നോർത്തേൺ കോർണിഷ്, ത്വാഇഫ് അൽറുദ്ഫ് പാർക്ക് എന്നിവിടങ്ങളിലും വെടിക്കെട്ട് ഷോകൾ നടക്കും. സെപ്റ്റംബർ 24 ന് ബുധനാഴ്ച്ച വൈകീട്ടാണ് നജ്‌റാൻ കിങ് സഊദ് പാർക്കിൽ ഷോകൾ അര​​ങ്ങേറുകയെന്നും പൊതുവിനോദ അതോറിറ്റി ചെയർമാൻ അറിയിച്ചു.

റോയൽ ഗാർഡ് പ്രസിഡൻസി, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് മന്ത്രാലയം, സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി, എയർപോർട്ട്സ് ഹോൾഡിങ് കമ്പനി, സൗദി എയർ നാവിഗേഷൻ സർവീസസ് കമ്പനി, സൗദി എയർലൈൻസ്, ഹെലികോപ്റ്റർ കമ്പനി, ഫ്ലൈ അദീൽ, റിയാദ് എയർ, റേഡിയോ ആൻഡ് ടെലിവിഷൻ ജനറൽ അതോറിറ്റി എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരേഡുകൾ നടക്കുക. ദേശീയ ദിനത്തിലെ പ്രധാന പരേഡ് സൗദി ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്നും പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.

Tags:    
News Summary - 95th Saudi National Day; sky of 14 cities will shine with fireworks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.