ദമ്മാമിൽ നടക്കുന്ന ദേശീയ ദിനാഘോഷ പരിപാടികളുടെ റിഹേഴ്സൽ

91ാമത്​ ദേശീയദിനം: വിപുലമായ ആഘോഷത്തിന് ഒരുങ്ങി രാജ്യം

ദമ്മാം: സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനമാഘോഷിക്കാൻ രാജ്യമാകെ വിപുലമായ ഒരുക്കങ്ങൾ. 'ഇത് നമ്മുടെ വീടാണ്'എന്നതാണ് ഇത്തവണത്തെ ദേശീയദിനാഘോഷങ്ങളുടെ ആപ്തവാക്യവും സന്ദേശവും. ചിതറിത്തെറിച്ചും പരസ്പരം പോരടിച്ചും കഴിഞ്ഞ വിവിധ ബെദൂബിയർ ഗോത്രങ്ങൾ, സുൽത്താനേറ്റുകൾ, ചെറിയ രാജ്യങ്ങൾ, എമിറേറ്റുകൾ എന്നിവകളെ ഏകീകരിച്ച് കിങ്​ഡം ഓഫ് സൗദി അറേബ്യ രൂപംകൊണ്ടതിെൻറ ഓർമ ദിവസമായ സെപ്റ്റംബർ 21 ആണ് സൗദി ദേശീയ ദിനമായി ആഘോഷിക്കുന്നത്. ചെങ്കടൽ മുതൽ പേർഷ്യൻ ഉൾക്കടൽ വരെ നീളുന്ന സൗദി അറേബ്യ അതിെൻറ 90 വർഷങ്ങൾ പിന്നിടുേമ്പാൾ ചരിത്രത്തിൽ തുല്യതയില്ലാത്ത നേട്ടങ്ങളുടെ നെറുകയിലാണ്.

അത്യന്താധുനികതയിലേക്ക് അതിവേഗം എത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിെൻറ ഏറ്റവും സുവർണഘട്ടത്തിലാണ് ഇത്തവണത്തെ ദേശീയദിനാഘോഷം അരങ്ങേറുന്നതെന്ന പ്രത്യേകതയുമുണ്ട്. ആഘോഷങ്ങളില്ലാതിരുന്ന ഒരു വർഷത്തിനു ശേഷം കോവിഡിനെ അതിജയിച്ച ആത്മവിശ്വാസവുമായാണ് രാജ്യം ഇത്തവണ ആഘോഷിക്കാൻ തെരുവിലിറങ്ങുന്നത്. രാജ്യത്തിെൻറ സമ്പന്നമായ ചരിത്രത്തെയും ഉന്നതമായ ദാർശനിക ആശയങ്ങളെയും ദേശീയ അഭിമാനത്തെയും പ്രതിനിധീകരിക്കുന്ന സൗദിയുടെ പതാക വഹിക്കുക എന്നതു തന്നെയാണ് ഈവർഷത്തെ പ്രധാന ആഘോഷം. ദേശീയ ദിനത്തിൽ സൗദി അറേബ്യയുടെ എല്ലാ ഭാഗങ്ങളിലും മൂന്നു ലക്ഷത്തിലധികം പതാകകൾ ഉയർത്തും.

കഴിഞ്ഞ വർഷം, സൗദി ഭരണാധികാരികൾ, മുനിസിപ്പാലിറ്റികൾ, കമീഷണർമാർ, പ്രാദേശിക കൗൺസിലുകൾ എന്നിവ തെരുവുകളിൽ 37,907 പതാകകൾ ഉയർത്തി. ഇത്തവണ രാജ്യത്തിെൻറ നിറമായ പച്ചക്കുപ്പായങ്ങൾ ധരിച്ചവർ തെരുവുകളിൽ അണിനിരക്കും. രാജ്യം പച്ച നിറമാർന്ന ലൈറ്റുകൾ കൊണ്ട് അലങ്കരിക്കും. രാജ്യത്തിെൻറ വിനോദ സഞ്ചാര മേഖലകൾ മുഴുവൻ വൈദ്യുതി ദീപങ്ങളും പൂക്കളും കൊണ്ട് ആകർഷകമാക്കും. ജിദ്ദയിലെ അൽ ഹംമ്ര കോർണിഷിൽ 70,000 പടക്കങ്ങൾ ആകാശത്ത്​ വിവിധ വർണങ്ങൾ വിതറും.

ഇത്തവണത്തെ ദേശീയ ദിനാഘോഷം രാജ്യത്തിെൻറ വികസന സ്വപ്നവും മുഖവുമായി മാറിയ വിഷൻ 2030 നെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗം കൂടിയായാണ് പൊതുവെ ചർച്ച ചെയ്യപ്പെടുന്നത്. പൊതു, സ്വകാര്യ, മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികളോട് രാജ്യം കെട്ടിപ്പടുക്കുന്ന മഹാദൗത്യത്തിൽ അഭിമാനത്തോടെ പങ്കാളികളാകാൻ ഇത്തവണത്തെ ദേശീയദിനം ആഹ്വാനം ചെയ്യുന്നു. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പൊതുയോഗങ്ങളും വിനോദ പരിപാടികളും അരങ്ങേറും. രാജ്യത്തിെൻറ സാംസ്കാരിക സ്മാരകങ്ങൾ പ്രദർശിപ്പിക്കുന്ന ഫോട്ടോഗ്രാഫിയും ആർട്ട് എക്സിബിഷനുകളും നടക്കും. സിനിമകളുടെയും വിദ്യാഭ്യാസ പദ്ധതികളുടെയും പ്രദർശനങ്ങൾ സമാന്തരമായി അരങ്ങേറും. കോർണിഷുകളിൽ രാത്രികാല ലേസർ ഷോകളും കരിമരുന്ന് പ്രയോഗങ്ങളും വൈമാനിക പ്രകടനങ്ങളും അരങ്ങേറും. തിയറ്റർ നാടകങ്ങൾ, പൈതൃക പര്യടനങ്ങൾ എന്നിവയും നടക്കും.

കിഴക്കൻ പ്രവിശ്യയും ഒരുങ്ങി

ദമ്മാം: രാജ്യത്തിെൻറ 91ാമത് ദേശീയ ദിനംആഘോഷിക്കാൻ സൗദിയുടെ കിഴക്കൻ മേഖലയിലും വിപുലമായ ഒരുക്കങ്ങൾ. സൗദിയുടെ വിവിധ വകുപ്പുകൾ സംയുക്തമായാണ് ഇവിടെ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. ൈവവിധ്യവും സംസ്കാരിക സമ്പന്നതയും പാരമ്പര്യ ചരിത്രവും പേറുന്ന സൗദി അറേബ്യൻ ഭൂപടത്തിനൊപ്പം ലോകരാജ്യങ്ങളിൽ നിന്നുള്ളവർ സംഗമിക്കുന്നതാണ് പ്രധാന പരിപാടി. സൗദിയുടെ വളർച്ചയോടൊപ്പം നടന്ന പ്രവാസ സമൂഹത്തിെൻറ സാന്നിധ്യങ്ങളെ വ്യക്തമാക്കുന്ന മനുഷ്യ ഭൂപടവും അവർ പേറുന്ന സൗദിയുടെ പതാകയും ദേശീയ ദിനത്തിൽ വിസ്മയം തീർക്കും. കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിനാളുകൾ പ​ങ്കെടുത്ത പരിശീലനങ്ങൾ അൽ ഖോബാർ കോർണിഷിൽ അരങ്ങേറിയിരുന്നു.

അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിെൻറ പ്രവാചകനാ​െണന്നും വ്യക്തമാക്കുന്ന രാജ്യത്തിെൻറ നിറമായ പച്ച കാൻവാസിലെ ആപ്ത വാക്യത്തിന് കുറുകെ രാജ്യം സ്ഥാപിച്ച അബ്​ദുൽ അസീസ് രാജാവിെൻറ പ്രതീകമായി വാളും പ്രദർശിപ്പിച്ചതാണ് 65 മീറ്ററിലധികം വലുപ്പമുള്ള സൗദി ദേശീയപതാക. സൗദി മാതൃകയിലുള്ള ഭൂപടം മനുഷ്യർ വഹിച്ചു നീങ്ങുന്നതിെൻറ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. ഡ്രോണുകൾ ഉപയോഗിച്ച് അതി സൂക്ഷ്​മമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ദേശീയ ദിനത്തിൽ ഇതിെൻറ വിഡിയോ റിലീസ് ചെയ്യും. രാജ്യത്തുള്ള അനവധി പ്രവാസികളാണ് ദൗത്യത്തിൽ അണിനിരന്നത്. നൂറുകണക്കിന് മലയാളികളും പങ്കാളികളായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.