ജിദ്ദ: സൗദി അറേബ്യയുടെ അതിർത്തികളിൽ സുരക്ഷാ പരിശോധന കർശനമാക്കിയതിെൻറ ഭാഗമായി ഒരാഴ്ചയ്ക്കിടെ 900 കള്ളക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സത്ക) അറിയിച്ചു. രാജ്യത്തെ കര, കടൽ, വ്യോമ പാതകൾ വഴി നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങളാണ് അധികൃതർ വിഫലമാക്കിയത്. രാജ്യത്തിെൻറ സുരക്ഷക്ക് ഭീഷണിയാകുന്ന ഒട്ടേറെ വസ്തുക്കളാണ് പരിശോധനയിൽ കണ്ടെത്തിയത്. പിടിച്ചെടുത്തവയിൽ പ്രധാനമായും ഇവ ഉൾപ്പെടുന്നു. 133 തരം മയക്കുമരുന്നുകൾ, 291 വിഭാഗത്തിൽപ്പെട്ട നിരോധിത വസ്തുക്കൾ, 1,975 ഓളം പുകയില ഉൽപ്പന്നങ്ങൾ, കറൻസി നിയമലംഘനവുമായി ബന്ധപ്പെട്ട 28 കേസുകൾ.
ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും കടത്താൻ ശ്രമിച്ച മൂന്ന് കേസുകൾ. കള്ളക്കടത്ത് തടയാൻ അത്യാധുനിക സാങ്കേതിക വിദ്യയും വിദഗ്ധരായ ഉദ്യോഗസ്ഥരെയുമാണ് കസ്റ്റംസ് വിന്യസിച്ചിരിക്കുന്നത്. യാത്രക്കാരുടെ ശരീരഭാഷ സൂക്ഷ്മമായി നിരീക്ഷിക്കാനും കള്ളക്കടത്തുകാർ സ്വീകരിക്കുന്ന നവീനമായ രീതികൾ തിരിച്ചറിയാനും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിലുണ്ട്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടക്കുന്ന പരിശോധനകൾ വെട്ടിച്ച് നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് എത്തിക്കുന്നത് അസാധ്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളുടെ പിന്തുണയും അതോറിറ്റി അഭ്യർത്ഥിച്ചു.
കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഹോട്ട്ലൈൻ നമ്പർ (1910), ഇമെയിൽ (1910@zatca.gov.sa), അന്താരാഷ്ട്ര നമ്പർ (009661910) എന്നീ മാർഗങ്ങളിലൂടെ ഉദ്യോഗസ്ഥരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ കൈമാറുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുമെന്നും നൽകുന്ന വിവരങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ സാമ്പത്തിക പ്രതിഫലം നൽകുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിെൻറ ഇറക്കുമതി-കയറ്റുമതി മേഖലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ട് സുരക്ഷ സംവിധാനം ശക്തമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.