ജവാസാത് (പാസ്പോർട്ട്) വിഭാഗം പൊലീസിൽ പുതുതായി ചേർന്ന വനിതകൾ പരിശീലനം പൂർത്തിയാക്കിയപ്പോൾ
ജവാസാത് പൊലീസിൽ പുതുതായി ചേർന്ന വനിതകളിലൊരാൾ പാസ്സിങ് ഔട്ട് പരേഡിനിടെ ചീഫിനെ ഹസ്തദാനം
ചെയ്യുന്നു
റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിലുള്ള ജവാസത് (പാസ്പോർട്ട്) വിഭാഗം പൊലീസിൽ പുതുതായി 362 വനിതകൾ കൂടി ചേർന്നു. ഇനി എയർപോർട്ടുകളിൽ ഇമിഗ്രേഷൻ സേവനം നൽകാനും വിസ നിയമലംഘകരെ പിടികൂടാനും വനിത പൊലീസുകാരും കൂടുതലായുണ്ടാകും. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫിെൻറ സാന്നിധ്യത്തിൽ പാസ്പോർട്ട് വിഭാഗത്തിലെ (ജവാസാത്) ആറാമത് ബാച്ച് വനിതാ കാഡറ്റുകളുടെ ബിരുദദാന ചടങ്ങ് റിയാദിൽ നടന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 362 വനിതകളാണ് സേവനസജ്ജരായി പുറത്തിറങ്ങിയത്.
റിയാദിലെ പാസ്പോർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാസ്പോർട്ട് വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. സാലിഹ് ബിൻ സാദ് അൽ മുറബ്ബഅ് മുഖ്യാതിഥിയായിരുന്നു.പുതുതായി പുറത്തിറങ്ങിയ കാഡറ്റുകൾക്ക് മികച്ച രീതിയിലുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനമാണ് നൽകിയിരിക്കുന്നത്. പാസ്പോർട്ട് വിഭാഗത്തിെൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമപരവും ഭരണപരവുമായ വിഷയങ്ങളിൽ പ്രത്യേക പരിശീലനം, പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും വേഗത്തിൽ സേവനം ലഭ്യമാക്കുന്നതിനായി പാസ്പോർട്ട് സംവിധാനങ്ങളിലെ ആധുനിക സാങ്കേതിക വിദ്യകളിൽ പ്രായോഗിക പരിശീലനം എന്നിവയാണ് കേഡറ്റുകൾ പൂർത്തിയാക്കിയത്.
ചടങ്ങിൽ ആഭ്യന്തര മന്ത്രിയുടെ അഭിനന്ദനങ്ങൾ ബിരുദധാരികളെ അറിയിച്ച മേജർ ജനറൽ അൽ മുറബ്ബഅ്, രാജ്യസേവനത്തിൽ ഉത്തരവാദിത്തബോധത്തിെൻറ പ്രാധാന്യം ഓർമിപ്പിച്ചു. നമ്മുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് മികച്ച ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിനായി ഓരോരുത്തരും പരമാവധി പരിശ്രമിക്കണം എന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.
സൗദി അറേബ്യയുടെ സുരക്ഷാ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിെൻറയും പൊതുസേവന രംഗം ആധുനികവത്കരിക്കുന്നതിെൻറയും ഭാഗമായാണ് ഈ വിപുലമായ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.