അൽ ഖോബാർ: സമുദ്ര ലൈസൻസുകളും വർക്ക് പെർമിറ്റുകളും നൽകുന്നതിനും പുതുക്കുന്നതിനും ആവശ്യമായ രേഖകൾ സമർപ്പിക്കുന്നത് 30 ദിവസത്തേക്ക് നിർബന്ധമല്ലെന്ന് സൗദി ഗതാഗത ജനറൽ അതോറിറ്റി (ടി.ജി.എ) അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ താൽക്കാലിക നടപടി. ആവശ്യമെങ്കിൽ ഈ കാലയളവ് നീട്ടുന്ന കാര്യം പരിഗണിക്കുമെന്നും എന്നാൽ സുരക്ഷയിലോ സമുദ്ര പരിസ്ഥിതി സംരക്ഷണത്തിലോ യാതൊരുവിധ വിട്ടുവീഴ്ചകളും ഉണ്ടാകരുതെന്ന് അതോറിറ്റി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ ഗൾഫിലെ സൗദി ജലപരിധിക്കുള്ളിലുള്ള സൗദി കപ്പലുകൾക്കും വിദേശ കപ്പലുകൾക്കും ഈ തീരുമാനം ബാധകമാണ്. സമുദ്ര ഗതാഗത പ്രക്രിയകൾ തടസ്സമില്ലാതെ തുടരാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നിലവിൽ സൗദി ജലാശയങ്ങളിൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിലും മറ്റും ഏർപ്പെട്ടിരിക്കുന്ന നിരവധി കപ്പലുകൾക്ക് സാങ്കേതിക ആവശ്യങ്ങൾ പൂർത്തിയാക്കാനോ നിർബന്ധമായ പരിശോധനകൾക്കായി വിദേശത്തേക്ക് പോകാനോ കഴിയാത്ത സാഹചര്യമുണ്ട്.
ഇത്തരം പ്രവർത്തന വെല്ലുവിളികൾ നേരിടുന്ന കപ്പലുകൾക്ക് അതോറിറ്റിയുടെ ഈ ഒഴിവാക്കൽ വലിയ ആശ്വാസമാകും. സമുദ്ര ഗതാഗത മേഖലയിലെ പ്രവർത്തനങ്ങൾ തുടർച്ചയായി നിലനിർത്താനും, പ്രാദേശിക-അന്തർദേശീയ സാഹചര്യങ്ങളിൽ നിന്നുള്ള പ്രത്യാഘാതങ്ങൾ കുറച്ച് സമുദ്ര വ്യവസായത്തെ പിന്തുണയ്ക്കാനും ഈ തീരുമാനം വഴിയൊരുക്കുമെന്ന് സാബു മേലതിൽ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.