ജിദ്ദയിൽ സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഷിബു തിരുവനന്തപുരം സംസാരിക്കുന്നു
ജിദ്ദ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സൗദിയിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തുന്നത് ഒരു പുതിയ അധ്യായം കുറിക്കുകയാണ്. ഒരു കേരള മുഖ്യമന്ത്രി ആദ്യമായാണ് സൗദിയിലെത്തുന്നത്. അദ്ദേഹത്തെയും സംഘത്തെയും വരവേൽക്കാൻ ജിദ്ദയിലെ പ്രവാസി സമൂഹം പൂർണമായും സജ്ജരായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സന്ദർശനം വിജയകരമാക്കുന്നതിനായി ജിദ്ദയിൽ 250 അംഗ സംഘാടക സമിതി രൂപവതത്കരിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളെയും ജില്ലാ കൂട്ടായ്മകളെയും മാധ്യമങ്ങളെയും പ്രതിനിധാനംചെയ്ത് നിരവധി പേർ പങ്കെടുത്തു.
മലയാള ഭാഷ പഠനത്തിനും പ്രചാരണത്തിനും വേണ്ടി കേരള സര്‍ക്കാറിന്റെ കീഴിലുള്ള മലയാളം മിഷന് സംഘടിപ്പിക്കുന്ന വർഷം നീണ്ടുനിൽക്കുന്ന 'മലയാളോത്സവം' പരിപാടിയുടെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രി സജി ചെറിയാൻ, നോർക്ക ഉദ്യോഗസ്ഥർ എന്നിവരും എത്തുന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷ പഠനത്തിന് അവസരമൊരുക്കാൻ ഇടതു സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് മലയാളം മിഷന്. ഈ മാസം 17ന് റിയാദിലും 18ന് ജിദ്ദയിലും 19ന് ദമ്മാമിലും ‘മലയാളോത്സവം’ ഉദ്ഘാടന പരിപാടികളിൽ മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും. 18ന് ശനിയാഴ്ച വൈകീട്ട് ആറ് മുതൽ 9.30വരെ ജിദ്ദ കിങ് അബ്ദുൽ അസീസ് റോഡിലുള്ള (മലിക് റോഡ്) ബെഞ്ച്മാർക്ക് തിയറ്ററിലാണ് ജിദ്ദയിലെ പരിപാടി.
ജിദ്ദയിലെ പരിപാടിക്കായി രൂപവത്കരിച്ച സംഘാടക സമിതി ഭാരവാഹികൾ: ഷിബു തിരുവനന്തപുരം (ചെയർ), ശ്രീകുമാർ മാവേലിക്കര (വൈസ് ചെയർ), ജുനൈസ് (ജന. കൺ), നസീർ വാവ കുഞ്ഞു, റഫീഖ് പത്തനാപുരം, ഹിഫ്സുറഹ്മാൻ, നിഷ നൗഫൽ (ജോ. കൺ), അബ്ദുള്ള മുല്ലപ്പള്ളി (പബ്ലിക് റിലേഷൻ ചെയർ), നൗഷാദ്, അർഷാദ് ക്രിയേറ്റിവ് (ജോ. കൺവീനർമാർ-പബ്ലിക് റിലേഷൻ), സി.എം അബ്ദുറഹ്മാൻ (കൺ-സ്വീകരണം), സലാഹ് കാരാടൻ, മൻസൂർ വയനാട്, ഉണ്ണി തെക്കേടത്, ഷിനു (ജോ.കൺവീനർമാർ-സ്വീകരണം), സലാഹുദ്ദീൻ (കൺ-വളന്റിയർ), ഇർഷാട് മുണ്ടക്കയം, പി.സി അയൂബ് (ജോ. കൺവീനർമാർ-വളന്റിയർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.