‘ഖത്മുൽ ഖുർആൻ’ രാവിൽ മക്ക, മദീന ഹറമുകളിൽ അണിനിരന്ന വിശ്വാസികൾ
മക്ക: റമദാനിലെ 29ാം രാവിൽ ഇശാഅ്, തറാവീഹ് നമസ്കാരങ്ങളിൽ മക്ക മസ്ജിദുൽ ഹറാമിൽ സംഗമിച്ചത് 25 ലക്ഷം ഭക്തജനങ്ങൾ. ഖത്മുൽ ഖുർആൻ (ഖുർആൻ പരായണം പൂർത്തിയാക്കുന്ന ദിവസം) ദിവസം ആയിരുന്നതിനാൽ അതിരാവിലെ മുതൽ മക്കയിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. സ്വദേശികളും വിദേശികളും തീർഥാടകരും ഇഅ്തികാഫിന് (ഭജനയിരിക്കൽ) എത്തിയവർ രാത്രി നമസ്കാരത്തിന് അണിനിരന്നപ്പോൾ മത്വാഫും ഹറമിനകവും പുറത്തെ മുറ്റങ്ങളും കവിഞ്ഞൊഴുകി. പരിസരത്തെ റോഡുകളിലേക്ക് അണികൾ ബഹുദൂരം നീണ്ടു.
ഹറമിനകത്തും പുറത്തും വലിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും സമാധാനവും സുരക്ഷയും നിറഞ്ഞ ആത്മീയ അന്തരീക്ഷത്തിലാണ് ഖത്മുൽ ഖുർആന് ലക്ഷക്കണക്കിന് വിശ്വാസികൾ സാക്ഷികളായത്. തിരക്കൊഴിവാക്കാനും മികച്ച സേവനങ്ങൾ നൽകാനും മുഴുവൻ ഊർജവും കഴിവുകളും ഹറം കാര്യാലയം ഒരുക്കിയിരുന്നു. മസ്ജിദുൽ ഹറാമിൽ ഇരുഹറം കാര്യാലയം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നമസ്കാരത്തിന് നേതൃത്വം നൽകി. പാപമോചനത്തിനും നരകമുക്തിക്കും വേണ്ടി ഇമാം പ്രാർഥിച്ചു. സൗദിയടക്കം മുഴുവൻ രാജ്യങ്ങളിലും സുസ്ഥിരതയും സമാധാനവും ഉണ്ടാകട്ടെയെന്നും ഭരണാധികാരികളെയും ജനങ്ങളെയും ദൈവം കാത്തുരക്ഷിക്കട്ടെയെന്നും പ്രാർഥനയിൽ ഉരുവിട്ടു. അതേസമയം, റമദാൻ 29ാം രാവിൽ നടന്ന ഖത്മുൽ ഖുർആൻ പ്രവർത്തന പദ്ധതികൾ വിജയകരമായിരുന്നുവെന്ന് ഹറം മതകാര്യ അതോറിറ്റി വ്യക്തമാക്കി.
മസ്ജിദുന്നബവിയിലും ലക്ഷങ്ങൾ
മദീന: മസ്ജിദുന്നബവിയിലും റമദാനിലെ 29ാം രാത്രി നടന്ന ഖത്മുൽ ഖുർആനിൽ ലക്ഷങ്ങളാണ് പങ്കെടുത്തത്. നമസ്കാര വേളയിൽ പള്ളിയും പരിസരങ്ങളും ഭക്തജനങ്ങളാൽ നിബിഡമായി. ഇമാം ശൈഖ് സ്വാലാഹ് അൽബദീർ നമസ്കാരത്തിന് നേതൃത്വം നൽകി. വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് സന്ദർശകരുടെ സുരക്ഷയും സൗകര്യവും നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും മസ്ജിദുന്നബവി പരിപാലന ജനറൽ അതോറിറ്റി ശ്രദ്ധിച്ചിരുന്നു. സേവനത്തിന് കൂടുതലാളുകളെ അതത് വകുപ്പുകൾ ഒരുക്കിയിരുന്നു. വിവിധ ഭാഷകളിൽ ആളുകൾക്ക് മാർഗനിർദേശ സേവനങ്ങൾ നൽകുന്നതിനും വഴിതെറ്റിയവരെ സഹായിക്കുന്നതിനും സംസം നൽകുന്നതിനും 3,300-ലധികം സ്ത്രീ-പുരുഷ സന്നദ്ധപ്രവർത്തകരെ ഖത്മുൽ ഖുർആൻ ദിവസം അണിനിരത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.