പൊതുമാപ്പ് നീട്ടിനല്‍കില്ല: സൗദി ജവാസാത്ത് മേധാവി

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി നീട്ടി നല്‍കാന്‍ ഉദ്ദേശ്യമില്ലെന്ന്​ ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്​യ അറിയിച്ചു. ജൂണ്‍ 24^ന് പൊതുമാപ്പ് കാലാവധി അവസാനിക്കാനിരിക്കെയാണ് അധികൃതരുടെ വ്യക്തമാക്കല്‍. 4,75,000 പേര്‍ ഇതിനകം പൊതുമാപ്പി​​​െൻറ ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും സുലൈമാന്‍ അല്‍യഹിയ കൂട്ടിച്ചേര്‍ത്തു. കാലാവധി തീരുന്നതോടെ പരിശോധന കര്‍ശനമാക്കാനും രാജ്യത്ത് അനധികൃതമായി തുടരുന്നവരെ പിടികൂടി പരമാവധി ശിക്ഷയും പിഴയും നല്‍കാനുമാണ് ആഭ്യന്തര മന്ത്രാലയം ഉദ്ദേശിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ തൊഴില്‍, സാമൂഹ്യക്ഷേമം, തദ്ദേശഭരണം തുടങ്ങിയ മന്ത്രാലയങ്ങളും പരിശോധനയില്‍ പങ്കുചേരും. സൗദി ഭരണകൂടം ഇളവനുവദിച്ച പൗരന്മാര്‍ക്ക് മാത്രമാണ് പരിശോധനയില്‍ ഇളവ് ലഭിക്കുക. യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് ഈ ഗണത്തില്‍ വരുന്നത്. യമന്‍ പൗരന്മാരുടെ വിസിറ്റ് വിസ പുതുക്കി നല്‍കുന്ന നടപടി തുടരുകയാണെന്നും അധികൃതര്‍ വിശദീകരിച്ചു. ജവാസാത്തി​​​െൻറ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്നും സുലൈമാന്‍ അല്‍യഹ്​യ പറഞ്ഞു. സര്‍ക്കാര്‍ കെട്ടിടം കൂടാതെ ജവാസാത്ത് പ്രവര്‍ത്തിക്കുന്ന അവസ്​ഥയിലേക്കാണ്​ ഓണ്‍ലൈന്‍ സംവിധാനം പുരോഗമിക്കുന്നത്. പൗരന്മാര്‍ക്കും രാജ്യത്തെ വിദേശികളായ താമസക്കാര്‍ക്കും വീട്ടിലിരുന്ന് സേവനം വേഗത്തില്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്നും ജവാസാത്ത് മേധാവി പറഞ്ഞു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.