ജിദ്ദ: തുര്‍ക്കിയില്‍ പുതുവര്‍ഷത്തലേന്ന് നൈറ്റ് ക്ളബിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു സൗദി പൗരന്‍മാരും. പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്തംബൂളിലെ റീന നൈറ്റ് ക്ളബില്‍ പുതുവര്‍ഷാഘോഷം നടക്കുന്നതിനിടെയാണ് ശനിയാഴ്ച രാത്രി തോക്കുധാരി അക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ മൊത്തം 39 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിലും പരിക്കേറ്റവരില്‍ സൗദി അറേബ്യ ഉള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുണ്ടെന്ന് തുര്‍ക്കി മന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റും ഇക്കാര്യം സ്ഥിരീകരിച്ചു. പക്ഷേ, ഇരകളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോണ്‍സുലേറ്റില്‍ നിന്നുള്ള പ്രത്യേക സംഘം സംഭവ സ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സൗദി പൗരന്‍മാരുടെ വിവരങ്ങള്‍ക്കായി തുര്‍ക്കി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു. അടിയന്തര സാഹചര്യം പരിഗണിച്ച് കോണ്‍സുലേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ ടെലഫോണ്‍ സംവിധാനം ആരംഭിച്ചിട്ടുമുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ ഒൗദ്യോഗിക അക്കൗണ്ടുകള്‍ വഴി വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുകയും ചെയ്യുന്നു. റിയാദില്‍ നിന്ന് പ്രത്യേക ഉദ്യോഗസ്ഥ സംഘം ഇസ്തംബൂളിലേക്ക് പുറപ്പെടുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.