തൊഴില്‍ മന്ത്രാലയം വെബ്സൈറ്റില്‍ വൈറസ് ആക്രമണം; ഇഖാമ പുതുക്കല്‍ അവതാളത്തില്‍

റിയാദ്: തൊഴില്‍ മന്ത്രാലയം വെബ്സൈറ്റില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ വൈറസ് ആക്രമണത്തെ തുടര്‍ന്ന് ഇഖാമ പുതുക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ജനുവരി 23 ന് ഉണ്ടായ ‘ശാമൂന്‍ മാല്‍വെയര്‍’ ആക്രമണത്തിന്‍െറ ആഘാതം തുടരുകയാണെന്ന് സൗദി ഗസറ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികളുടെ ഇഖാമ പുതുക്കല്‍, സ്പോണ്‍സര്‍ഷിപ്പ് മാറ്റം, ബാങ്ക് അക്കൗണ്ട് അപ്ഡേഷന്‍ തുടങ്ങിയവയൊക്കെ ഇതുമൂലം പത്തുദിവസത്തിലേറെയയായി മുടങ്ങിയിരിക്കുകയാണ്. 
ഇഖാമ പുതുക്കാനാകാത്തവരുടെ അക്കൗണ്ടുകള്‍ ബാങ്കുകള്‍ നിര്‍ജീവമാക്കുകയാണ് ഇപ്പോള്‍. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് ബാങ്കിങ് ഇടപാടുകളും നടത്താനാകുന്നില്ല. തന്‍െറ നാലു ജീവനക്കാരുടെ ഇഖാമ പുതുക്കാന്‍ കഴിയാതെ ദിവസങ്ങളായി ബുദ്ധിമുട്ടുകയാണെന്ന് ജിദ്ദയിലെ കോണ്‍ട്രാക്ടിങ് കമ്പനി ഉടമ സഅദ് അല്‍ അലി പറഞ്ഞു. രണ്ട് ആഴ്ചയായി ഇതിന് പിന്നാലെ നടക്കുകയാണ്. ഇതുവരെ ശരിയായിട്ടില്ല. ഇഖാമ കാലാവധി കഴിഞ്ഞ ജീവനക്കാര്‍ പരിഭ്രമിച്ചിരിക്കുകയാണ്. സമയത്തിന് പുതുക്കാനാകാത്തതിനാല്‍ പിഴയോ തടവോ തൊഴില്‍ നിരോധനമോ തങ്ങള്‍ക്ക് മേല്‍ ഉണ്ടാകുമോ എന്നാണ് അവരുടെ ആശങ്കയെന്നും സഅദ് അല്‍ അലി സൂചിപ്പിച്ചു.
ശൂന്യമായ സ്ക്രീന്‍ ആണ് മന്ത്രാലയത്തിലെ കമ്പ്യൂട്ടറുകളില്‍ ഇപ്പോഴും തെളിയുന്നതെന്നും ഒമ്പതുദിവസം കഴിഞ്ഞിട്ടും ഇതിന് മാറ്റമില്ളെന്നും മന്ത്രാലയം ജീവനക്കാര്‍ പറയുന്നു. പ്രശ്നം പരിഹരിച്ച് പഴയ നില പുനഃസ്ഥാപിക്കാന്‍ എന്ന് കഴിയുമെന്ന് പറയാനും അവര്‍ക്ക് കഴിയുന്നില്ല. കുപ്രസിദ്ധമായ ശാമൂന്‍ വൈറസാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വെബ്സൈറ്റിനെ ആക്രമിച്ചത്. നെറ്റ്വര്‍ക്ക് ശൃംഖലയില്‍ നുഴഞ്ഞുകയറി മാസ്റ്റര്‍ ബുക്ക് റെക്കോഡുകള്‍ നശിപ്പിക്കുന്നതാണ് ഇതിന്‍െറ പ്രവര്‍ത്തന രീതി. ഇതോടെ നെറ്റ്വര്‍ക്കിലുള്ള മുഴുവന്‍ കമ്പ്യൂട്ടറുകളും പ്രവര്‍ത്തിക്കാതെയാകും. വൈറസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ജനുവരി ആദ്യത്തില്‍ ടെലകോം അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2012 ല്‍ സൗദി അരാംകോയുടെ ആയിരക്കണക്കിന് കമ്പ്യൂട്ടറുകളെ ബാധിച്ചതും ഇതേ വൈറസാണ്. 
സാധാരണ ഗതിയില്‍ കൃത്യസമയത്ത് ഇഖാമ പുതുക്കാത്തവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ പാസ്പോര്‍ട്ട് വിഭാഗം സ്വീകരിക്കാറുണ്ട്. ഇഖാമ കാലാവധി കഴിയുന്നതിന് മൂന്നുദിവസം മുമ്പെങ്കിലും പുതുക്കാത്തവര്‍ക്ക് 500 റിയാല്‍ പിഴ അടക്കേണ്ടിവരും. ഇത് ആവര്‍ത്തിച്ചാല്‍ പിഴ 1,000 റിയാല്‍ ആകും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ നാടുകടത്തലാണ് ശിക്ഷയെന്ന് ജവാസാത്ത് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സവിശേഷ സാഹചര്യത്തില്‍ ഇക്കാര്യങ്ങളില്‍ എന്താകും നടപടിയെന്ന് കണ്ടറിയേണ്ടതുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.