സന്ദര്‍ശക വിസ നിരക്ക് വര്‍ധന: ഓരോ  പാസ്പോര്‍ട്ടിനും 2000 റിയാല്‍ വീതം നല്‍കണം 

റിയാദ്: ഒക്ടോബര്‍ രണ്ടു മുതല്‍ നിരക്കു വര്‍ധിപ്പിച്ച സന്ദര്‍ശക വിസക്ക് പണം അടക്കേണ്ടത് നാട്ടില്‍. വിസ സ്റ്റാമ്പ് ചെയ്യുമ്പോഴാണ് ഈ തുക നല്‍കേണ്ടത്. ഇതനുസരിച്ച് ഒന്നിലധികം കുടുംബാംഗങ്ങളുള്ളവര്‍ ഓരോ പാസ്പോര്‍ട്ടിനും 2000 റിയാല്‍ നല്‍കണം. നേരത്തേ സ്റ്റാമ്പിങിന് വാങ്ങിയിരുന്ന തുകയടക്കം സന്ദര്‍ശക വിസക്ക് ട്രാവല്‍സുകാര്‍ വാങ്ങിയിരുന്നത് 5000-6000 രൂപയായിരുന്നു. എന്നാല്‍ 2000 റിയാലിന് തുല്യമായ ഇന്ത്യന്‍ രൂപയാണ് ഇനി മുതല്‍ നല്‍കേണ്ടത്. സര്‍വീസ് ചാര്‍ജ് ഇതിന് പുറമെയാണ്. വിസ നിരക്ക് വര്‍ധിപ്പിച്ചിരുന്നുവെങ്കിലും എവിടെയാണ് തുക നല്‍കേണ്ടതെന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. കോണ്‍സുലേറ്റിലാണ് ഇത് നല്‍കേണ്ടതെന്ന് റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് നല്‍കിയ സര്‍കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിരക്കില്‍ വിസകള്‍ സ്റ്റാമ്പ് ചെയ്യാന്‍ തുടങ്ങിയതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ആറു മാസത്തേക്കാണ് 2000 റിയാല്‍ നല്‍കേണ്ടത്. നേരത്തേ ഇത് മൂന്ന് മാസത്തേക്കായിരുന്നു അനുവദിച്ചിരുന്നത്. സ്റ്റാമ്പ് തുകയായി നല്‍കേണ്ടിയിരുന്നത് 200 റിയാല്‍ മാത്രമായിരുന്നു. സൗദിയിലത്തെിയതിന് ശേഷം മൂന്ന് മാസത്തേക്ക് കൂടി ഇത് പുതുക്കാമായിരുന്നു. കുടുംബങ്ങളെല്ലാം ഈ രീതിയിലായിരുന്നു ഇവിടെ തങ്ങിയിരുന്നത്. മൂന്ന് മാസത്തിന് ശേഷം പുതുക്കുമ്പോള്‍ ഓരോ പാസ്പോര്‍ട്ടിനും 100 റിയാല്‍ വീതമാണ് നല്‍കേണ്ടിയിരുന്നത്. മൊത്തം ആറു മാസത്തേക്ക് ഒരാള്‍ക്ക് 300 റിയാലായിരുന്നു ഇതുവരെ ചെലവു വന്നിരുന്നത്. പുതിയ നിയമം അനുസരിച്ച് 2000 റിയാല്‍ നല്‍കിയാല്‍ ആറു മാസത്തേക്ക് വിസ ലഭിക്കും. ആറു മാസത്തിനുള്ളില്‍ ഒന്നിലധികം തവണ വന്നു പോകണമെങ്കില്‍ 3000 റിയാല്‍ നല്‍കി മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശക വിസയെടുക്കാം. ഈ രീതിയില്‍ ലഭിക്കുന്ന വിസയില്‍ വരുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ സൗദിയില്‍ തങ്ങാം. ഒരു വര്‍ഷത്തേക്ക് 5000 റിയാലും രണ്ടു വര്‍ഷത്തേക്ക് 8000 റിയാലുമാണ് ഇതിന് നല്‍കേണ്ടത്. ബിസിനസ് ആവശ്യാര്‍ഥം വരുന്നവര്‍ക്കും ഈ വിസ അനുവദിക്കും. ഒക്ടോബര്‍ രണ്ടിന് മുമ്പ് അനുവദിച്ച വിസകള്‍ക്കും പുതിയ നിരക്കു വര്‍ധന ബാധകമാണ്. ഇതനുസരിച്ച് അധിക തുക വാങ്ങാന്‍ എല്ലാ റിക്രൂട്ടിങ് ഏജന്‍സികളോടും സൗദി കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. റീ എന്‍ട്രിക്ക് വര്‍ധിപ്പിച്ച തുക ഒന്നിച്ച് അടക്കേണ്ടി വന്നത് തുടക്കത്തില്‍ ആശയക്കുഴപ്പം സൃഷടിച്ചിരുന്നു. രണ്ടു മാസത്തേക്ക് 200 റിയാലും പിന്നീടുള്ള ഓരോ മാസത്തേക്കും നൂറ് റിയാല്‍ വീതവുമായിരുന്നു വര്‍ധിപ്പിച്ച തുക. എന്നാല്‍ നിയമം നടപ്പായ ആദ്യ രണ്ടു ദിവസങ്ങളില്‍ ഓണ്‍ലൈനായി പണമടച്ചവര്‍ക്ക് 600 റിയാല്‍ നല്‍കേണ്ടി വന്നു. ബാങ്കില്‍ തുക അടക്കുന്ന സമയത്ത് 600 റിയാലില്‍ കുറഞ്ഞ തുകക്കുള്ള ഓപ്ഷന്‍ ഇല്ലാതായതാണ് വിനയായത്. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അധികൃതര്‍ ഈ തകരാര്‍ പരിഹരിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.