ഓണ്‍ലൈന്‍ തൊഴില്‍ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരും -തൊഴില്‍ മന്ത്രാലയം

റിയാദ്: ഓണ്‍ലൈന്‍ വഴി വീട്ടുവേലക്കാര്‍ക്കുള്ള വിസ അനുവദിക്കാനും തൊഴില്‍ കരാര്‍ രൂപപ്പെടുത്താനുമുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറിന്‍െറ പരീക്ഷണ കോപ്പികള്‍ ഉടന്‍ പുറത്തിറക്കും. ഇതില്‍ ആവശ്യമായ പരിഷ്കരണം വരുത്തിയാണ് കരാര്‍ നിലവില്‍ വരിക. 
തൊഴിലാളിക്ക് സ്വന്തം രാജ്യത്തുവെച്ചുതന്നെ ഇത്തരം കരാര്‍ വായിക്കാനും യോജിച്ച വ്യവസ്ഥകള്‍ രൂപപ്പെടുത്താനും സാധിക്കും. വീട്ടുവേലക്കാരെ മണിക്കൂര്‍ വേതന വ്യവസ്ഥയില്‍ നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
 തൊഴില്‍ മന്ത്രാലയത്തിന്‍െറ അംഗീകാരമുള്ള റിക്രൂട്ടിങ് കമ്പനികളും ഏജന്‍സികളും മുഖേനയാണ് മണിക്കൂര്‍ വ്യവസ്ഥയില്‍ ജോലിക്കാരെ ലഭിക്കുക. മാസ ശമ്പളം വ്യവസ്ഥയിലും സ്ഥിരം സ്പോണ്‍സര്‍ഷിപ്പിലും ജോലിക്കാരെ ആവശ്യമില്ലാത്ത, എന്നാല്‍ ഏതാനും മണിക്കൂര്‍ സേവനത്തിന് ജോലിക്കാരെ ആവശ്യമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. 
വീട്ടുവേലക്കാരുടെ സേവനത്തിന് തൊഴില്‍ മന്ത്രാലയം ആരംഭിച്ച ‘മുസാനിദ്’ ഇലക്ട്രോണിക് സംവിധാനം വഴിയാണ് മണിക്കൂര്‍ വേതനവ്യവസ്ഥയിലും ജോലിക്ക് നിര്‍ത്തേണ്ടത്. അംഗീകൃത റിക്രൂട്ടിങ് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും തൊഴില്‍ മന്ത്രാലയം അനുവദിച്ച നിര്‍ണിത എണ്ണം വിസയില്‍ നിന്നാണ് പരിശീലനം സിദ്ധിച്ച വീട്ടുവേലക്കാരെ കമ്പനികള്‍ കരാറടിസ്ഥാനത്തില്‍ തൊഴിലുടമകള്‍ക്ക് നല്‍കുക.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.