അസീറില്‍  കാലം തെറ്റിയ മഴ

ഖമീസ് മുശൈത്: കാലം തെറ്റിയ മഴക്കാലം കണ്ട് അസീര്‍ നിവാസികള്‍ അമ്പരപ്പില്‍. സാധാരണ കാലാവസ്ഥ മാറ്റത്തിന്‍െറ സൂചനയായി അല്‍പം മഴ പെയ്യുമെന്നതാണ് അനുഭവം.  മറ്റ് പ്രവിശ്യകളില്‍ വേനല്‍ചൂടില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസരങ്ങളില്‍ ചില സമയങ്ങളില്‍ അസീറിന്‍െറ ചിലഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ തോരാമഴക്കാലം അസീര്‍ അടുത്ത കാലത്തൊന്നും അനുഭവിച്ചിട്ടില്ല. ഒന്നരമാസത്തോളമായി മിക്ക ദിവസങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ചെറിയ ഡാമുകള്‍ നിറഞ്ഞൊഴുകുന്നു. പ്രധാനപ്പെട്ട പല റോഡുകളിലേക്കും മലനിരകള്‍ ഇടിഞ്ഞ് വീഴുന്നതും ഗതാഗതം സ്തംഭിക്കുന്നതും നിത്യസംഭവം.  ഖമീസ് മുശൈതില്‍ ഉച്ച കഴിഞ്ഞാണ് മഴ ആരംഭിക്കുന്നതെങ്കില്‍ അബഹയില്‍ രാവിലെ മുതല്‍ മഴയാണ്. ദഹ്റാന്‍ ജുനൂബ്, നജ്റാന്‍ പ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ പതിവാണ്. തത്ലീസ്, അല്‍ നമാസ്, ബീശ, റാണിയ, തനൂമ, ബില്‍ അസ്മാര്‍, ശറാത്ത് അല്‍ അബീദ, ഹബീല്‍, മുദല്ലിഫ്, ഖുന്‍ഫുദ  തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അസാധാരണ മഴയാണ് ലഭിക്കുന്നതെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. വൈകുന്നേരമാകുമ്പോഴേക്കും ആകാശം ഇരുണ്ട് മൂടിക്കെട്ടുകയും ശക്തമായ ഇടിയോടുകൂടിയ മഴയുമാണ് എത്തുക. അത് കൊണ്ട് തന്നെ അസീറിന്‍െറ ഒട്ടുമിക്ക ഭാഗങ്ങളിലും നല്ല തണുപ്പും അനുഭവപ്പെടുന്നുണ്ട്. പകല്‍ സമയങ്ങളില്‍ 10 നും 20 നും മധ്യേയാണ് താപനില. രാത്രി ആകുമ്പോഴേക്കും പല സ്ഥലങ്ങളിലും പത്തിന് താഴേക്ക് എത്തും. ചില സ്ഥലങ്ങളില്‍ ആലിപ്പഴവര്‍ഷവും ഉണ്ട്. അസീറിലെ ഈ മഴക്കാലം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ്. താഴ്വാരങ്ങളില്‍ വറ്റാത്ത വെള്ളക്കെട്ടുകള്‍ ഇപ്പോഴും തുടരുന്നു.  മഴക്കാലം കൃഷിക്ക് വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. അതേ സമയം ജീസാനില്‍ സാധരണ ലഭിക്കുന്ന മഴയെ ഉണ്ടായുള്ളൂ. ശനിയാഴ്ച രാവിലെ മുതല്‍ തന്നെ ജീസാനില്‍ ശക്തമായ പൊടിക്കാറ്റ് വീശി. ഇക്കാരണത്താല്‍ ഫുര്‍സാന്‍ ദ്വീപിലെ ‘ഹരീദ് ഫെസ്റ്റിവല്‍’ മത്സ്യോത്സവത്തിന് ഇത്തവണ ആളുകളുടെ എണ്ണം കുറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.