ദമ്മാം: അപൂര്‍വ ചരിത്ര രേഖകളും ചിത്രങ്ങളുമായി ‘ഫഹദ് നേതൃചൈതന്യം’ പ്രദര്‍ശനം ദമ്മാമില്‍ തുടങ്ങി. ആധുനിക സൗദി അറേബ്യയുടെ ശില്‍പികളില്‍ പ്രമുഖനായ യശഃശരീരനായ ഭരണാധികാരി ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന പ്രദര്‍ശനം ദഹ്റാനിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍റ് മിനറല്‍സ് (കെ.എഫ്.യു.പി.എം) അങ്കണത്തിലാണ് നടക്കുന്നത്. സൗദി അറേബ്യയുടെ ഒരു കാലഘട്ടത്തിന്‍െറ കഥ പറയുന്ന പ്രദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആധുനിക സൗദിയുടെ ചരിത്രം ചിത്രങ്ങളിലും ചെറുകുറിപ്പുകളിലുമായി അനാവൃതമാക്കപ്പെടുന്ന തരത്തിലാണ് പ്രദര്‍ശനം സംവിധാനിച്ചിട്ടുള്ളത്. ഇതിനൊപ്പം ഫഹദ് രാജാവിന്‍െറ സ്വകാര്യ, ഒൗദ്യോഗിക ജീവിതത്തിലെ രേഖകളും വസ്തുക്കളും ഉണ്ട്. ആയിരത്തോളം ചിത്രങ്ങളാണ് ആകെയുള്ളത്.
അദ്ദേഹം ഉപയോഗിച്ചിരുന്ന കാഡിലാക് ഉള്‍പ്പെടെ അപൂര്‍വ കാറുകളുടെ നിരയില്‍ നിന്നാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. രാജാവിന്‍െറ ഡ്രൈവിങ് ലൈസന്‍സും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ചരിത്രം പ്രതിപാദിക്കുന്ന സമഗ്രമായ ചിത്രപ്രദര്‍ശനമാണ് പിന്നീട്. ഒന്നാം സൗദി സ്റ്റേറ്റ് മുതല്‍ ഫഹദ് രാജാവിന്‍െറ നിര്യാണം വരെയുള്ള വിശദമായ വിവരം ചിത്രങ്ങളില്‍ നിന്ന് ലഭിക്കും. ഇതിനിടയില്‍ രാജാവിന് ലഭിച്ച കീര്‍ത്തിമുദ്രകള്‍, സമ്മാനങ്ങള്‍ എന്നിവയുമുണ്ട്.
കിഴക്കന്‍ സൗദിയുടെ വ്യാവസായിക വളര്‍ച്ചയില്‍ ഫഹദ് രാജാവിന്‍െറ സംഭാവനകള്‍ ഇവിടെ വരച്ചിടുന്നു. അരാംകോയുടെയും സാബികിന്‍െറയും കിങ് ഫഹദ് സര്‍വകലാശാലയുടെയും ചരിത്രവും വളര്‍ച്ചയും ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിക്കുന്നു. അരാംകോയുടെ വിവിധ എണ്ണക്കിണറുകളില്‍ നിന്ന് ലഭിച്ച വ്യത്യസ്തമായ ക്രൂഡ് ഓയില്‍ സാമ്പിളുകള്‍ സവിശേഷമായ കുപ്പികളില്‍ രാജാവിന് കമ്പനി സമ്മാനിച്ചതും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അദ്ദേഹം വിദ്യാഭ്യാസ മന്ത്രിസ്ഥാനം വഹിച്ചപ്പോള്‍ ഉപയോഗിച്ചിരുന്ന ഓഫിസ് അതേ മാതൃകയില്‍ പുനഃസംവിധാനിച്ചിരിക്കുന്നു.
മദീനയിലെ ഖുര്‍ആന്‍ പ്രിന്‍റിങ് പ്രസില്‍ ആദ്യമായി അച്ചടിച്ച പച്ച ബൈന്‍ഡിങ്ങിലുള്ള ഖുര്‍ആന്‍ കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്നു. ഫഹദ് രാജാവിന്‍െറ ഖബറടക്കത്തിന്‍െറ ചിത്രത്തോടെയാണ് പ്രദര്‍ശനം അവസാനിക്കുന്നത്. റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 2005 ലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത ചിത്രമായിരുന്നു ഇത്. മാര്‍ച്ച് 31 ാം തിയതി വരെ നടക്കുന്ന പ്രദര്‍ശനത്തിന് വൈകുന്നേരം നാലുമണി മുതല്‍ പത്തര വരെയാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.