വിടപറഞ്ഞത് പ്രവാസികളുടെ  സ്വന്തം ഗഫൂര്‍ക്ക, നേതാക്കളുടെയും

ജിദ്ദ: പ്രവാസത്തിന്‍െറ നാട്ടില്‍ ജനകീയനായി ജീവിച്ച കെ.വി.എ ഗഫൂറിന്‍െറ വിയോഗം  ജിദ്ദയിലെ മലയാളികള്‍ക്ക് താങ്ങാനായില്ല. അപ്രതീക്ഷിതമായി കടന്നു വന്ന ആ മരണവാര്‍ത്ത ജനാവലിയുടെ കണ്ണു  നനയിച്ച കാഴ്ചയായിരുന്നു ചൊവ്വാഴ്ച രാത്രി ജെ.എന്‍.എച്ച് ആശുപത്രി പരിസരത്ത് കണ്ടത്. അദ്ദേഹം എത്രത്തോളം ജനകീയനാണ് എന്ന് തെളിയിക്കുന്നതായിരുന്നു ആശുപത്രിയിലേക്കൊഴുകിയത്തെിയ ജനക്കൂട്ടം. ബുധനാഴ്ച വൈകുന്നേരം വിശുദ്ധ മക്കയുടെ മണ്ണില്‍ മയ്യിത്ത് മറമാടുവോളം നിറകണ്ണുകളുമായി അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍  അവസാനനോക്കു കാണാനത്തെി.  കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി സെക്രട്ടറി എന്നതിലുപരി എല്ലാ പ്രവാസി കൂട്ടായ്മകളുടെയും ആത്മമിത്രമായിരുന്നു ഗഫൂര്‍. ആശയഭിന്നതകള്‍ക്കപ്പുറം എല്ലാവരെയും ഉള്‍കൊള്ളാനുള്ള അസാധാരണമനോഭാവമാണ് അദ്ദേഹത്തെ പ്രവാസികളുടെ പ്രിയങ്കരനാക്കിയത്. മുസ്ലീം ലീഗിന്‍െറ ഏത് വലിയ നേതാക്കളോ മന്ത്രിമാരോ ജിദ്ദയിലത്തെിയാലും അവരെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതു മുതല്‍ അവര്‍ തിരിച്ചു പോകുന്നതു വരെ ഗഫൂറിന്‍െറ  സ്നേഹപരിചരണങ്ങളില്‍ വീര്‍പുമുട്ടിപ്പോവും. ഗഫൂറിന്‍െറ സ്നേഹത്തിന് മുന്നില്‍ എല്ലാ ‘പ്രോട്ടോകോളും’ മാറി നിന്നോളണം. നേതാക്കള്‍ ഏതു വേദിയിലേക്കും ഗഫൂറിനെ പേരെടുത്ത് വിളിച്ച് കസേര നല്‍കും. ഹജ്ജ് വളണ്ടിയറെന്ന നിലയില്‍  അദ്ദേഹം സേവനത്തിന്‍െറ  വിശുദ്ധമാതൃകയായിരുന്നു. ജിദ്ദയിലെ കലാ കായിക സാംസ്കാരിക പരിപാടികളിലെല്ലാം അദ്ദേഹത്തിന്‍െറ സാന്നിധ്യം ഒഴിവാക്കാനായിരുന്നില്ല. മൂന്നു പതിറ്റാണ്ടു കാലം കെ.എം.സി.സിക്കു വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിച്ചു. 
സൗദി കെ.എം.സി.സി ഹജ്ജ് സെല്‍ വൈസ് ചെയര്‍മാന്‍, കൊണ്ടോട്ടി സി.എച്ച് സെന്‍റര്‍ വൈസ് ചെയര്‍മാന്‍,  തുടങ്ങി ഒട്ടനവധി സംഘടനകളുടെ ഭാരവാഹിത്വവും വഹിച്ചു. സ്വന്തം കഴിവില്‍ ആത്മ സംതൃപ്തിയോടെ ജീവിച്ച്  മണലാരണ്യത്തില്‍ വലിയ സൗഹൃദവലയം തിര്‍ത്താണ് അദ്ദേഹം വിട പറഞ്ഞത്. ഒരിക്കല്‍ പരിചയപെട്ടവരൊന്നും അദ്ദേഹത്തെ മറക്കില്ല.എടവണ്ണപ്പാറ ചീക്കോട് വെട്ടു പാറ സ്വദേശിയാണ്. മുപ്പത് വര്‍ഷത്തോളമായി ജിദ്ദയില്‍  പ്രവാസിയായ ഗഫൂര്‍ ഹോണ്ട കമ്പനി ജീവനക്കാരനായിരുന്നു.

മയ്യിത്ത് നമസ്കാരവും അനുശോചന യോഗവും നാളെ
ജിദ്ദ: കെ.വി.എ ഗഫൂറിനു വേണ്ടി മയ്യിത്ത് നമസ്കാരവും അനുശോചന യോഗവും വെള്ളിയാഴ്ച ഇശാ നമസ്കാരത്തിനു ശേഷം ശറഫിയ ഇംപാല ഗാര്‍ഡനില്‍ നടക്കുമെന്ന്  കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി  അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.