പിറന്ന നാടിന്‍െറ തപ്ത സ്മരണകള്‍  അയവിറക്കി യമനികളുടെ  ഇഫ്താര്‍ സംഗമം 

യാമ്പു: ആഭ്യന്തര പ്രശ്നത്തെ  തുടര്‍ന്ന് പിറന്ന നാട്ടിലേക്കു മടങ്ങാനാകാതെ യാമ്പുവില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന യമന്‍ സ്വദേശികള്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടത്തി ഗൃഹാ തുര ഓര്‍മകള്‍ അയവിറക്കി ഒത്തുകൂടുന്നത് ശ്രദ്ധേയമാകുന്നു. യാമ്പു അങ്ങാടിയില്‍ യമനികള്‍ കൂടുതല്‍ താമസിക്കുന്ന ഒരു കെട്ടിടത്തില്‍ വിശാലമായ രണ്ട് ഹാളുകളില്‍ യമനി സ്റ്റൈല്‍ റമദാന്‍ വിഭവങ്ങ ളൊരുക്കി നോമ്പുകാരെ കാത്തിരിക്കുകയാണ്. ടൗണില്‍ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന സാമ്പത്തിക ശേഷിയുള്ള യമനികള്‍ തന്നെയാണ് ഇതിനായി മുന്നിട്ടിറങ്ങുന്നത്. യാമ്പുവില്‍ കടകളിലും മറ്റും  ജോലിചെയ്യുന്ന സാധാരണക്കാരും  വിവിധ കമ്പനികളില്‍  ജോലി ചെയ്യുന്നവരും നാട്ടുകാരായ സുഹൃത്തുക്കളോടൊപ്പം  ഗൃഹാതുര സ്മരണകള്‍ അയവിറക്കി ഇഫ്താര്‍ സംഗമത്തില്‍ ഒത്തു കൂടുന്നത് നിത്യകാഴ്ചയാണ്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യത്തുനിന്നുള്ള ചിലരും കൂടി ഇവരുടെ ക്ഷണം സ്വീകരിച്ച് ഇഫ്ത്വാര്‍ സംഗമത്തില്‍ പങ്കു ചേരുന്നു.
 ഭക്ഷ്യവിഭവങ്ങളില്‍ യമനികള്‍ക്കുള്ളത്ര വൈവിധ്യങ്ങള്‍ മറ്റു അറബ് നാടുകളില്‍ ഇല്ളെന്ന് പറയാം. നോമ്പുതുറകള്‍  ഒരുക്കുകയെന്നത് യമനികള്‍ക്ക് പ്രാധാന്യമേറിയ കാര്യമാണ്. പ്രവാചക ചര്യയനുസരിച്ചു  ഈത്തപ്പഴം, വെള്ളം  എന്നിവ കൊണ്ട് നോമ്പ്  തുറക്കുന്നു. കൂടെ ഷുര്‍ബ, ജ്യൂസ്, സമോസ, ശഫൂത്, ലബന്‍ എന്നിവയുമുണ്ടാകും. യമനി കാപ്പി  പ്രധാനപ്പെട്ട ഒരു ഇഫ്താര്‍ ഇനമാണ്. കോഴി, മീന്‍  എന്നിവ  ഉള്‍ക്കൊള്ളുന്ന വിഭവങ്ങള്‍ റമദാനില്‍ കുറവാണ്. പച്ചക്കറി കൊണ്ടുണ്ടാക്കുന്ന 'മുഷക്കല്‍', സല്‍ത ഫാസ, റൊട്ടി  എന്നിങ്ങനെ  പോകുന്നു മറ്റ് വിഭവ ങ്ങള്‍. സൂപ്പില്‍ നിന്നാരംഭിച്ചു  സലാഡില്‍  അവസാനിക്കുന്ന രീതിയിലാണ് ഭക്ഷണ ക്രമം. മുളക് വളരെ കുറച്ചു  മാത്രം ഉപയോഗിക്കുന്ന ഇവര്‍  ഉരുളക്കിഴങ്ങു കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഒരുമിച്ചിരുന്നു ഒരേപാത്രത്തില്‍ നിന്നാണ് ഭക്ഷണം  കഴിക്കാറുള്ളത്.  കേരളത്തിലേക്ക് ഇസ്ലാം കടന്ന് വന്നത് യമന്‍ വഴിയാണ് എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. യമനികളുടെ  ജീവിതരീതിയും കേരളീയരുടെ ജീവിതരീതിയും തമ്മില്‍ ഒരുപാട് സാമ്യതകള്‍ കാണാം. അവര്‍ ഉടുക്കുന്ന മുണ്ട് മുതല്‍ അരപ്പട്ട , ഭക്ഷണ രീതികള്‍ എന്നിവയിലെല്ലാം പലനിലക്കും കേരളീയരോട് സാമ്യത ഉണ്ട്. യമനികള്‍ കൂടുതല്‍ ആതിഥേയ മര്യാദ കാണിക്കുന്നവരും സൗഹാര്‍ദപരമായി സംസാരിക്കുന്നവരുമാണ്. 
യമനിലെ  ആഭ്യന്തരപ്രശ്നത്തെ തുടര്‍ന്ന് പലര്‍ക്കും നാട്ടിലത്തെുക എന്നത് ഇപ്പോള്‍ ഒരു സ്വപ്നം മാത്രമാണ്. വര്‍ഷങ്ങളായി പിറന്ന നാട്ടില്‍ പോകാന്‍ കഴിയാത്ത നൂറുകണക്കിനാളുകള്‍ ഇവിടെയുണ്ട്. സൗദിയില്‍ അഞ്ചുലക്ഷത്തിലധികം അഭയാര്‍ഥികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും സന്ദര്‍ശക വിസയിലാണ്. യമനി സ്വദേശികളുടെ തൊഴിലിനും, മക്കളുടെ വിദ്യാഭ്യാസത്തിനും  സൗദി അധികൃതര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.