മനുഷ്യക്കടത്തിന്‍െറ ഇരകളില്‍ ഒരു യുവതി കൂടി ദുരിതത്തില്‍

റിയാദ്: വീട്ടുവേലക്കാരികളുടെ റിക്രൂട്ടുമെന്‍റ് നിയമങ്ങള്‍ കാറ്റില്‍പറത്തി നിര്‍ബാധം തുടരുന്ന മനുഷ്യക്കടത്തിന്‍െറ ഇരയായി ഒരു മലയാളി യുവതി കൂടി സൗദിയില്‍ ദുരിതത്തില്‍. ഹൗസ് മെയ്ഡ് വിസയില്‍ അബഹയിലത്തെിയ തിരുവനന്തപുരം സ്വദേശിനി ശ്രീജ സതി തങ്കപ്പന്‍ (39) ആണ് കടുത്ത ശാരീരിക പീഡനവും ജോലിഭാരവും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയത്. 
എംബസി ലേബര്‍ വിങ്ങിന്‍െറ ശക്തമായ ഇടപെടലിന്‍െറ ഫലമായി തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്‍റ് യുവതിയെ തിരികെ നാട്ടിലത്തെിക്കാനുള്ള നടപടി തുടങ്ങിയെന്ന് അറിയിച്ചിട്ടുണ്ട്. 
റിയാദിലുള്ള സ്വദേശി വീട്ടിലെ ജോലിക്കെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്‍സി 70000 രൂപ ഈടാക്കിയാണ് യുവതിയെ ഇക്കഴിഞ്ഞ മേയ് ആറിന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് കൊളംബോ വഴി റിയാദിലത്തെിച്ചത്. 
ഒരു സ്വദേശി പൗരന്‍ വിമാനത്താവളത്തില്‍ നിന്ന് ഇവരെ ഏറ്റെടുത്ത ശേഷം അബഹയിലെ യഥാര്‍ഥ സ്പോണ്‍സറുടെ അടുത്തത്തെിക്കുകയായിരുന്നു. അഞ്ചു വീടുകളുടെ ശുചീകരണ ജോലി ചെയ്യാനാണ് നിയോഗിച്ചത്. ദിവസവും രാവിലെ ഏഴ് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 2 വരെ വിശ്രമമില്ലാതെയാണ് ജോലി. ഇതിനിടയില്‍ ശാരീരിക പീഡനങ്ങളുമുണ്ടായിരുന്നതായി ഇവര്‍ പറയുന്നു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഗാര്‍ഹിക തൊഴില്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകളൊന്നും പാലിക്കാതെയും എമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചുമുള്ള മനുഷ്യക്കടത്താണ് ശ്രീജയുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് അന്വേഷണത്തില്‍ മനസിലായതായി ഇവരുടെ പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയ റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍. മുരളീധരന്‍ പറഞ്ഞു. ഹൗസ് മെയ്ഡുകളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ തൊഴിലുടമ ഇന്ത്യന്‍ എംബസിയില്‍ 9000 റിയാല്‍ മുന്‍കൂര്‍ കെട്ടിവെക്കണം. 
തൊഴിലാളിയുടെ ക്ഷേമത്തിനുവേണ്ടിയുള്ള കരുതല്‍ നിക്ഷേപമാണിത്. എന്നാല്‍ ഇതൊന്നും ശ്രീജയുടെ കാര്യത്തിലുണ്ടായിട്ടില്ല. സേവന വേതന കരാറുമുണ്ടായിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാ ഗവണ്‍മെന്‍റിന്‍െറ ‘മദദ്’ പോര്‍ട്ടലിലും ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ്ങിലും പരാതി നല്‍കിയത്. 
എത്രയും വേഗം യുവതിയെ രക്ഷിച്ച് നാട്ടില്‍ തിരിച്ചത്തെിക്കാന്‍ ആവശ്യപ്പെട്ട് എംബസി ലേബര്‍ അറ്റാഷെ ട്രാവല്‍ ഏജന്‍സിക്ക് കത്തയച്ചു. ഇല്ളെങ്കില്‍ റിക്രൂട്ട്മെന്‍റ് ലൈസന്‍സ് റദ്ദ് ചെയ്യല്‍ അടക്കമുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്നും താക്കീത് നല്‍കി. ഇതോടെയാണ് ഏജന്‍റ് സൗദി തൊഴിലുടമയെ ബന്ധപ്പെട്ട് ശ്രീജയെ തിരിച്ചയക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മറുപടി നല്‍കിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.