പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു; ശിക്ഷ 20,000 റിയാല്‍ വരെ

ദമ്മാം: സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി പൂര്‍ണമായും നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം രാജകല്‍പന വഴി കഴിഞ്ഞ ദിവസം നിലവില്‍ വന്നു. ഒരുവര്‍ഷം മുമ്പ് പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നത്. ആരാധന കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ, ആരോഗ്യ, കായിക, സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തെ തന്നെ പുകവലി നിരോധമുണ്ട്. പുതിയ നിയമം വഴി പൊതുഗതാഗത സംവിധാനം, തൊഴിലിടങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഫാക്ടറികള്‍, ബാങ്കുകള്‍ തുടങ്ങി എല്ലാ പൊതു മേഖലകളിലും നിയന്ത്രണം ബാധകമാക്കി. ഭക്ഷ്യവസ്തു നിര്‍മാണ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വെയര്‍ഹൗസുകള്‍, എലിവേറ്ററുകള്‍, റെസ്റ്റ്റൂമുകള്‍ തുടങ്ങിവയൊക്കെ നിരോധനത്തിന്‍െറ പരിധിയില്‍ വരും. പൊതുഗതാഗത കേന്ദ്രങ്ങള്‍ക്ക് ഉള്ളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനും നിരോധമുണ്ട്. വെന്‍ഡിങ് മെഷീനുകള്‍ വഴിയുള്ള പുകയില ഉല്‍പനങ്ങളുടെ വില്‍പനയും ഇനിയുണ്ടാകില്ല.
നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തുന്ന ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. പൊതു ഇടങ്ങളില്‍ പുകവലിക്കുന്നതായി കണ്ടത്തെുന്നവരില്‍ നിന്ന് 200 റിയാല്‍ വീതമാണ് ഓരോ തവണയും പിഴയീടാക്കുന്നത്. കുറ്റം ആവര്‍ത്തിക്കുമ്പോള്‍ തുകയും വര്‍ധിക്കും. 
ഏതെങ്കിലും പൊതുസ്ഥാപനങ്ങളില്‍ പുകവലി മുറികള്‍ ഉണ്ടെങ്കില്‍ അതു ഒറ്റപ്പെട്ട സ്ഥലത്താണെന്നതും 18 വയസിന് താഴെയുള്ളവര്‍ ഉപയോഗിക്കുന്നില്ളെന്നും ചുമതലയുള്ളവര്‍ ഉറപ്പാക്കണം. 18 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാനും പാടില്ല. പുകയില ഉല്‍പന്നങ്ങള്‍ക്ക് വിലയിളവും നല്‍കാനാകില്ല. 
ഉപഹാരങ്ങളായും സൗജന്യ സാമ്പിളായും സമ്മാനിക്കാനും പാടില്ല. പാക്കറ്റുകള്‍ക്ക് പുറത്ത് അത് ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. സിഗരറ്റിന്‍െറയും മറ്റും ആകൃതിയിലുള്ള കളിപ്പാട്ടങ്ങള്‍, മിഠായികള്‍ എന്നിവയുടെ വിപണനം പൂര്‍ണമായും അവസാനിപ്പിക്കും. നിയമലംഘകരില്‍ നിന്ന് പിരിച്ചെടുക്കുന്ന പിഴ തുക ബോധവത്കരണ കാമ്പയിനുകള്‍ക്ക് ഉപയോഗിക്കാനും നിയമം നിര്‍ദേശിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.