മത്സ്യ വിപണിയില്‍ കടുത്ത  ക്ഷാമം; വിലയില്‍ വന്‍ വര്‍ധനവ് 

ദമ്മാം: ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ മത്സ്യത്തിന് പൊള്ളുന്ന വില. മാസങ്ങളായി തുടരുന്ന മത്സ്യക്ഷാമം ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. മത്സ്യ ലഭ്യതയില്‍ കുറവ് വന്നത് ഈ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 
ഗള്‍ഫ് മേഖലയില്‍ കടലിലെ ചൂട് അസാധാരണമാം വിധം വര്‍ധിച്ചതിനാല്‍ മത്സ്യ സമ്പത്ത് കുറഞ്ഞതും മത്സ്യബന്ധനം മുമ്പത്തേത് പോലെ ഫലപ്രദമല്ലാതായതുമാണ് വിപണിയിലെ മാന്ദ്യത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചെമ്മീന്‍ സീസണ്‍ തുടങ്ങിയ സാഹചര്യത്തില്‍, അതിന്‍െറ തയ്യാറെടുപ്പുകളിലും തിരക്കിലുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍  ചെറുമത്സ്യങ്ങളെ പിടിക്കാത്തതും വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൂടാതെ, കാലാവസ്ഥ വ്യതിയാനം, വലിയ വലകളും മറ്റും ഉപയോഗിച്ചുള്ള അനിയന്ത്രിതമായ മത്സ്യ ബന്ധനം, ആഗോള താപനം എന്നീ കാരണങ്ങളാല്‍ ആഗോള തലത്തില്‍ തന്നെ സമുദ്ര സമ്പത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 
മത്സ്യ ലഭ്യത കുറഞ്ഞതിനാല്‍ വിപണിയിലുള്ള ഉത്പന്നങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്. മലയാളിയുടെ ഇഷ്ട ഇനങ്ങളായ മത്തി, അയ്ല എന്നിവയുടെ ഉത്പാദനത്തിലും കാര്യമായ കുറവുണ്ട്. മത്തിയുടെ വില കിലോ ഗ്രാമിന് നാലില്‍ നിന്ന് എട്ടും അയലയുടേത് 15 ല്‍ നിന്ന്  25 റിയാലുമായാണ് വര്‍ധിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അമിത വില കൊടുത്തുവാങ്ങാന്‍ സാധാരണക്കാര്‍ മടിക്കുന്ന അവസ്ഥയുമുണ്ട്. സ്വദേശികള്‍ ധാരാളമായി വാങ്ങുന്ന ശേരിയുടെ വില കിലോഗ്രാമിന് 25 റിയാലുള്ളത ് 45 റിയാലായും 75 റിയാലുള്ള ഹമൂറിന് 100 റിയാലായും വര്‍ധിച്ചിട്ടുണ്ട്. 
വളരെ സുലഭമായി ലഭിച്ചിരുന്ന ഇത്തരം മത്സ്യ വിഭവങ്ങളുടെ വരവ് കുറഞ്ഞതിനാല്‍ മതിയായ അളവില്‍ മത്സ്യം ലഭിക്കാതെ ഉപഭോക്താക്കള്‍ മടങ്ങുന്നതായും വ്യാപാരികള്‍ പറയുന്നു. ചെമ്മീന്‍ സീസണില്‍ മികച്ച നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് മത്സ്യബന്ധനം നടത്തുന്നവരും വ്യാപാരികളും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.