അലൂമിനിയം പാനല്‍ അഗ്നിബാധക്ക് ആക്കം കൂട്ടുമെന്ന് സിവില്‍ ഡിഫന്‍സ് 

ജിദ്ദ: കെട്ടിടങ്ങള്‍ക്ക് മോടി കൂട്ടാന്‍ ഉപയോഗിക്കുന്ന അലൂമിനിയം പാനല്‍ സുരക്ഷക്ക് ഭീഷണിയാവുന്നതായി അഗ്നിശമന സേന. തീപിടിത്തമുണ്ടാവുമ്പോള്‍ ആളിക്കത്താന്‍ സഹായിക്കുന്നതാണ് പുതിയ പാനലുകളില്‍ പലതും. ഗുണനിലവാരം കുറഞ്ഞ പാനലുകള്‍ ഉപയോഗിക്കുന്നത് അപകടഘട്ടങ്ങളില്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സിന്  വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും വക്താവ്  മക്കയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മക്കയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ വന്‍ അഗ്നിബാധയുണ്ടായ പശ്ചാത്തലത്തില്‍ കൂടിയാണ് അധികൃതരുടെ മുന്നറിയിപ്പ്. അഗ്നിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പാനലുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ പലരും അവയല്ല ഉപയോഗിക്കുന്നത്. തീപിടിത്തമുണ്ടാവുമ്പോള്‍ ഗുണം കുറഞ്ഞ പാനല്‍ ആളിക്കത്തുന്ന അവസ്ഥയാണ്. മാത്രമല്ല ഇത് കത്തുമ്പോഴുണ്ടാവുന്ന വാതകം വിഷമയമാണ്. അഗ്നി ശമന സേനക്കും പരിസരത്തുള്ളവര്‍ക്കും ഇത് അസ്വസ്ഥതയുണ്ടാക്കും. പഴയ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി പോലും നടത്താതെ മോടി കൂട്ടാന്‍ വേണ്ടി അലൂമിനിയം പാനല്‍ ഉപയോഗിക്കുന്ന പ്രവണതയുണ്ട്. എളുപ്പമുള്ള നിര്‍മിതി എന്ന നിലക്കും പാനലുകളുടെ ഉപയോഗം വ്യാപകമാണ്. എന്നാല്‍ സുരക്ഷക്ക് ഇത് ഭീഷണിയാണ് എന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചൂട് വര്‍ധിച്ചതോടെ  രാജ്യത്ത് അഗ്നിബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈദ്യുതി വിതരണസംവിധാനത്തിലെ അപാകത, അശാസ്ത്രീയമായി സാധനങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കല്‍ എന്നിവയും അഗ്നിബാധക്ക് കാരണമാണ്. ഫ്ളാറ്റുകളിലും കെട്ടിട സമുച്ചയങ്ങളിലും സുരക്ഷ പരിശോധനകള്‍ ഇടക്ക് നടത്തുന്നത് സ്വയം രക്ഷക്ക് നല്ലതാണെന്നും വിദഗ്ധര്‍ പറയുന്നു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.