ജിദ്ദ: സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ വക്താവ് യാസിര്‍ ബിന്‍ അലി പറഞ്ഞു. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ടായിരിക്കും ഇത്. തൊഴിലാളികള്‍ക്കും അവരുടെ കീഴിലുള്ള കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നിര്‍ബന്ധമായും തൊഴിലുടമ ഒരുക്കിയിരിക്കണമെന്നാണ് വ്യവസ്ഥ. ഇത് പാലിച്ചിട്ടില്ളെങ്കില്‍ മുഴുവന്‍ ഗഡുകളും നിര്‍ബന്ധമായി അടക്കേണ്ടിവരുമെന്നും പിഴയുണ്ടാകുമെന്നും വ്യവസ്ഥയിലുണ്ട്. താത്കാലികമായോ സ്ഥിരമായോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് തടയപ്പെടുകയും ചെയ്യും. ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്തെ സേവനങ്ങള്‍ മികച്ചതാക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്‍ഷൂറന്‍സ് കാര്‍ഡ് കൈപറ്റാത്ത സമയത്ത് ഇഖാമയോ, തിരിച്ചറിയല്‍ രേഖയോ ഉപയോഗിച്ച് സേവനം ലഭ്യമാക്കുന്ന പകരം സംവിധാനം ഇതില്‍ പെട്ടതാണ്. കാര്‍ഡുകള്‍ ഇഷ്യൂചെയ്യുന്ന സംവിധാനങ്ങള്‍ വിപുലീകരിക്കാന്‍ ശ്രമിച്ചുവരികയാണ്. ഇതോടെ തൊഴിലാളികള്‍ക്കും അവരുടെ കീഴിലുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാത്ത തൊഴിലുടമക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഏത് സാമ്പത്തിക നിയമലംഘനങ്ങളും കാണാനാകും. ഇത് അടച്ചാല്‍ മാത്രമേ ആരോഗ്യ ഇന്‍ഷൂറന്‍സ് നടപടികളുമായി തൊഴിലാളിക്ക് മുന്നോട്ടുപോകാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളിയുടെ കുടുംബത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷ നിര്‍ബന്ധമാണ്. ഭാര്യയും മക്കളും ഇതിലുള്‍പ്പെടും. ആണ്‍കുട്ടികള്‍ക്ക് 25 വയസ്സുവരെയും പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കുന്നതുവരേക്കുമാണ്. ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവര്‍, സ്ഥാപന ഉടമകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, ആരോഗ്യ സേവനം നല്‍കുന്നവര്‍ എന്നിവരെ ലക്ഷ്യമിട്ട് വിവിധ മാധ്യമങ്ങളിലൂടെ ബോധവത്കരണ കാമ്പയിന്‍ നടത്താനുള്ള നടപടികളും പൂര്‍ത്തിയായി വരികയാണ്. ഇന്‍ഷൂറന്‍സ് മേഖലയുടെ വികസനം, ആളുകള്‍ക്കിടയില്‍ ഏകീകൃത ആരോഗ്യ ഇന്‍ഷൂറന്‍സ് വ്യവസ്ഥകളെ സംബന്ധിച്ച അവബോധമുണ്ടാക്കുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. അഭിപ്രായങ്ങളും പരാതികളും അറിയിക്കാനും വിശദീകരണം തേടാനും 920001177 എന്ന നമ്പറും www.cchi.gov.sa എന്ന വെബ്സൈറ്റും info@cchi.gov.sa എന്ന ഇ മെയിലുമുണ്ട്. ഇവ മുഴുവനാളുകളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.