ഫ്രാന്‍സിലെ ആക്രമണത്തെ  സൗദി അപലപിച്ചു

റിയാദ്: ഫ്രാന്‍സിലെ നീസില്‍ നടന്ന ആക്രമണത്തെ സൗദി ശക്തമായ ഭാഷയില്‍ അപലപിച്ചു. മൊറോക്കോയില്‍ അവധിക്കാലം ചെലവഴിക്കുന്ന സല്‍മാന്‍ രാജാവ്, കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ സംഭവത്തെ അപലപിച്ചുകൊണ്ടുള്ള സന്ദേശം ഫ്രഞ്ച് പ്രസിഡന്‍റിന് അയച്ചു. ഈ കുറ്റകൃത്യത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഭരണാധികാരികള്‍ സന്ദേശത്തില്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ സൗദി ഫ്രാന്‍സിനെ ദുഃഖം അറിയിച്ചു. ഉറ്റവര്‍ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ജി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ലതീഫ് അല്‍സയാനിയും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. എല്ലാ മാനുഷിക മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചവരാണ് ഈ ഭീരുത്വം നിറഞ്ഞ കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്ലാം ഭീതി വളര്‍ത്തുന്ന ശക്തികള്‍ ഇത്തരം സംഭവങ്ങളുടെ പേരില്‍ മുതലെടുപ്പ് നടത്തുമെന്നും ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നീചമായ കൃത്യങ്ങള്‍ അവരുപയോഗിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബ്ദുല്‍ ഗൈതും സംഭവത്തെ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരപരാധികളെ ലക്ഷ്യം വെക്കുന്ന ഭീകരാക്രമണങ്ങള്‍ സുരക്ഷിത സമൂഹങ്ങളെ ഭീതിയിലാഴ്ത്താനുള്ള ശ്രമങ്ങളാണെന്നും ഇസ്ലാമുമായി ഇതിന് ഒരു ബന്ധവുമില്ളെന്നും റാബിത സെക്രട്ടറി ജനറല്‍ അബ്ദുല്ല തുര്‍കി അറിയിച്ചു. മനുഷ്യ രക്തത്തിന്‍െറ പവിത്രത ഉയര്‍ത്തിപ്പിടിക്കുന്ന മതമാണ് ഇസ്ലാമെന്ന് സൗദി പണ്ഡിത സഭ അഭിപ്രായപ്പെട്ടു. നിരപരാധികളെ കൊല്ലുകയും പൊതുസ്ഥലങ്ങളിലും മറ്റും ഭീതിയുണ്ടാക്കുകയും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിടുകയും ചെയ്യുന്നത് മനുഷ്യത്വ രഹിതമായ നീച കൃത്യമാണെന്നും പണ്ഡിത സഭ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.