പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി  കിഴക്കന്‍ പ്രവിശ്യ

ദമ്മാം: ആത്മീയ ഉന്മേഷം പകര്‍ന്ന വിശുദ്ധ മാസമായ റമദാന്‍ വിടവാങ്ങുന്നതോടെ ഈദുല്‍ ഫിതര്‍ ആഘോഷിക്കാനുള്ള അവസാന വട്ട മുന്നൊരുക്കങ്ങളിലാണ് കിഴക്കന്‍ പ്രവിശ്യയിലെ നിവാസികളും വിവിധ സന്ദര്‍ശക കേന്ദ്രങ്ങളും. 
നഗരസഭയുടെ കീഴില്‍ ഈദ് സന്ദേശങ്ങള്‍ കൈമാറുന്ന സചിത്ര പരസ്യ ബോര്‍ഡുള്‍ സ്ഥാപിച്ച്, പ്രധാന പൊതു നിരത്തുകളിലും പാലങ്ങളിലും റോഡരികിലെ മരങ്ങളിലുമെല്ലാം തോരണങ്ങളും  അലങ്കാര വിളക്കുകളും തൂക്കി  പെരുന്നാളിനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. 
പലയിടങ്ങളിലും പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ക്കായി സുരക്ഷ ക്രമീകരണങ്ങളോടെ പ്രത്യേകം സജ്ജീകരിച്ച ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്. അതേസമയം, പെരുന്നാള്‍ വിപണി സജീവമായതോടെ തുണിക്കടകളിലും മത്സ്യ-മാംസ മാര്‍ക്കറ്റുകളിലും വന്‍ ജനത്തിരക്കാണ്. 
ദമ്മാമിലെയും അല്‍ഖോബാറിലേയും കടലോരങ്ങള്‍, ഹാഫ്മൂണ്‍ ബീച്ച്, സൗദി ബഹ്റൈന്‍ കോസ്വെ, അല്‍അഹ്സയിലെ വിവിധ ചരിത്ര പൈതൃക സ്ഥലങ്ങള്‍ എന്നിവയാണ് പ്രവിശ്യയിലെ മുഖ്യ സന്ദര്‍ശക കേന്ദ്രങ്ങള്‍. ഹാഫ്മൂണ്‍ ബീച്ചിന്‍െറ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശകര്‍ക്കായി  അലങ്കാര പണികളും ഇരിപ്പിടങ്ങളൊരുക്കലും കുളിസ്ഥലങ്ങലും ശൗച്യാലയങ്ങളും  ശുചീകരിക്കലുമടക്കം എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ദഹ്റാന്‍ നഗരസഭ മേധാവി സ്വാലിഹ് ബിന്‍ മുഹമ്മദ് അല്‍ഖര്‍നി അറിയിച്ചു. ഈദാഘോഷങ്ങളുടെ ഭാഗമായി കരിമരുന്നു പ്രയോഗവും നിരവധി സാംസ്ക്കാരിക ചടങ്ങുകളും കലാപരിപാടികളും പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.