വഴിപാടായി റിയാദ് ഇന്ത്യന്‍ എംബസിയിലെ പ്രവാസി ഭാരതീയ ദിവസ്

റിയാദ്: പ്രവാസി സമൂഹത്തിന്‍െറ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രഥമ പ്രവാസി ഭാരതീയ ദിവസ് ആഘോഷം വഴിപാടായി. റിയാദിലെ എംബസിയില്‍ നടന്ന ചടങ്ങാണ് പ്രഹസനമായത്. 30 ലക്ഷം വരുന്ന ഇന്ത്യക്കാരുടെ ജീവല്‍ പ്രശ്നങ്ങളൊന്നും ചര്‍ച്ചയാവാതെ പോയ പരിപാടിയില്‍ വിവിധ തുറകളിലുള്ള പ്രവാസികളുടെയും ഏറ്റവും കൂടുതലുള്ള മലയാളി സമൂഹത്തിന്‍െറയും അഭാവം മുഴച്ചു നിന്നു. 
എംബസി ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും ചുരുക്കം ചില സാമൂഹിക പ്രവര്‍ത്തകരും ഏതാനും ഡോക്ടര്‍മാരും ദമ്മാം ഇന്ത്യന്‍ സ്കുളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും സ്കുള്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളുമായിരുന്നു സദസ്സിലുണ്ടായിരുന്നത്. റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ വ്യാപാര രംഗത്തുള്ള പ്രമുഖ മലയാളി സംരംഭകരൊന്നും പങ്കെടുത്തില്ല.  പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാവര്‍ഷവും ഇന്ത്യയില്‍ നടത്തിയിരുന്ന സമ്മേളനം ഈ വര്‍ഷം വിവിധ വിദേശരാജ്യങ്ങളില്‍ തന്നെ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എംബസിയില്‍ പരിപാടി സംഘടിപ്പിച്ചത്. ‘ദേശീയ പുരോഗതിയില്‍ പ്രവാസി സമൂഹത്തിന്‍െറ സംഭാവന’, ‘സമഗ്ര ആരോഗ്യ പരിരക്ഷ ലഭിക്കുന്ന ഇന്ത്യന്‍ ചികിത്സ രീതികള്‍’ എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്. സ്വഛ് ഭാരത് അഭിയാന്‍ എന്ന കേന്ദ്ര സര്‍ക്കാറിന്‍െറ പദ്ധതിയില്‍ എങ്ങനെ പങ്കാളികളാവാം, ഗംഗ നദി ശുദ്ധീകരിക്കുന്നതില്‍ പ്രവാസികള്‍ക്ക് ഏത് രീതിയില്‍ സഹായങ്ങള്‍ ചെയ്യാം തുടങ്ങിയ വിഷയങ്ങളാണ് ദേശീയ പുരോഗതിയെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പാനല്‍ അംഗങ്ങള്‍ അവതരിപ്പിച്ചത്. ആയുര്‍വേദ, ഹോമിയോപ്പതി, പ്രകൃതി, യോഗ തുടങ്ങി സമാന്തര ചികിത്സ മേഖലയിലെ ടൂറിസം സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമായിരുന്നു രണ്ടാമത്തെ ചര്‍ച്ച. ഈ ചര്‍ച്ചയുടെ അവസാനം നടന്ന ചോദ്യോത്തര വേളയില്‍ സദസ്സിലുണ്ടായിരുന്ന അലോപ്പതി ഡോക്ടര്‍മാരും ആയുര്‍വേദത്തെയും സമാന്തര ചികിത്സ രീതികളെയും പിന്തുണക്കുന്നവരും തമ്മില്‍ തര്‍ക്കം രൂക്ഷമായത് ബഹളത്തിനിടയാക്കി. സദസ്സിലുണ്ടായിരുന്ന ഡോക്ടര്‍മാരിലൊരാള്‍ എഴുന്നേറ്റ് വേദിയില്‍ കയറി പ്രതികരിച്ചതും കല്ലു കടിയായി. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ആഗോള സമൂഹത്തിന് പരിചയപ്പെടുത്തുന്നത് പ്രവാസി സമൂഹമാണെന്ന് അംബാസഡറുടെ ചുമതല വഹിക്കുന്ന ഹേമന്ദ് കൊട്ടല്‍വാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 
ഇന്ത്യയുടെ സമ്പദ് ഘടനക്ക് പ്രവാസി സമൂഹം നല്‍കുന്ന സംഭാവന ചെറുതല്ല. എല്ലാ ലോക രാഷ്ട്രങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. സൗദി അറേബ്യയില്‍ മാത്രം 30 ലക്ഷം പ്രവാസി ഇന്ത്യക്കാരാണുളളത്. അതുകൊണ്ടുതന്നെ രാഷ്ട്രം പ്രവാസികളുടെ ഉന്നമനത്തിനും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി ഗസറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ രാംനാരായണ്‍ അയ്യര്‍  മോഡറേറ്ററായിരുന്നു. മലയാളികളെ പ്രതിനിധീകരിച്ച് നോര്‍ക്ക കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാടും എന്‍.ആര്‍.കെ ഫോറം ചെയര്‍മാന്‍ ബാലചന്ദ്രന്‍ നായരും പങ്കെടുത്തു. ദമ്മാം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ നൃത്തമവതരിപ്പിച്ചു. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സീമ കൊട്ടല്‍വാര്‍ ഉപഹാരം സമ്മാനിച്ചു. പരിപാടികള്‍ക്ക് കള്‍ച്ചര്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ സെക്കന്‍ഡ് സെക്രട്ടറി ഹിഫ്സുറഹ്മാന്‍ നേതൃത്വം നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.