ജിദ്ദ: തങ്ങളുടെ വിസ്തൃതമായ കാലിക്കൂട്ടത്തിന് ഭക്ഷണം ഉല്‍പാദിപ്പിക്കാന്‍ സൗദിയിലെ പ്രമുഖ പാല്‍ കമ്പനിയായ അല്‍മറായി അമേരിക്കയില്‍ സ്ഥലം വാങ്ങി. തെക്കുകിഴക്കന്‍ സ്റ്റേറ്റായ കാലിഫോര്‍ണിയയിലെ ബ്ളിത്ത് എന്ന സ്ഥലത്താണ് 31.8 ദശലക്ഷം ഡോളര്‍ ചെലവിട്ട് 1,790 ഏക്കര്‍ കൃഷിസ്ഥലം വാങ്ങിയത്. കാലികളുടെ ഇഷ്ടഭക്ഷണമായ അല്‍ഫല്‍ഫ വൈക്കോല്‍ കൃഷി ചെയ്യാനാണ് കമ്പനി ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് ഇടം കണ്ടത്തെിയത്. ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമാം വണ്ണം കുറയുന്നത് കണക്കിലെടുത്ത് രാജ്യത്തെ പുല്‍കൃഷി അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ സൗദി മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ക്ഷീരമേഖലക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ബദല്‍ സാധ്യതകള്‍ ആരായാന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കിയിരുന്നു. ജലസമൃദ്ധമായ മറ്റുരാജ്യങ്ങളില്‍ ഭൂമിയെടുത്ത് കൃഷി നടത്തുകയെന്ന നിര്‍ദേശം അതിന്‍െറ ഭാഗമായി വന്നതാണ്. ആദ്യഘട്ടമെന്ന നിലയില്‍ സൗദി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ലൈവ്സ്റ്റോക് കമ്പനി (സാലിക്) ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ തീറ്റപ്പുല്‍ കൃഷിക്ക് സ്ഥലം അന്വേഷിക്കുകയാണെന്ന് അറിയിച്ചിരുന്നു. ജലസമൃദ്ധിയും കാലാവസ്ഥയും സുഡാന് അനുകൂല ഘടകങ്ങളാണെന്ന് ‘സാലിക്’ചീഫ് എക്സിക്യൂട്ടീവ് അബ്ദുല്ല അല്‍ദുബൈകി പറഞ്ഞു. ഇതിന് പിന്നാലെയാണ് ലോകത്തെ തന്നെ ഏറ്റവും വലിയ പാല്‍ കമ്പനികളിലൊന്നായ അല്‍മറായി അമേരിക്കയിലേക്ക് തിരിയുന്നത്.
അല്‍മറായിയുടെ അനുബന്ധ രാജ്യാന്തര സ്ഥാപനമായ ഫോണ്ടോമോണ്ടെ കാലിഫോര്‍ണിയ എല്‍.എല്‍.സിയാണ് അമേരിക്കയിലെ സ്ഥലമിടപാടിന് ചുക്കാന്‍ പിടിക്കുന്നത്. അല്‍മറായിക്ക് നിലവില്‍ യു.എസിലെ അരിസോണയില്‍ കൃഷിയിടമുണ്ട്. രാജ്യത്തിന് പുറത്തുനിന്ന് ഗുണമേന്മയേറിയ തീറ്റപ്പുല്‍ ഉല്‍പാദിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് പുതുതായി സ്ഥലം വാങ്ങുന്നതെന്ന് അല്‍മറായി വൃത്തങ്ങള്‍ സൂചിപ്പിച്ചു. തീറ്റപ്പുല്‍ കൃഷി പൂര്‍ണമായും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന കാലപരിധിയായ 2019 ഓടെ തങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ കാലിത്തീറ്റയും ഇറക്കുമതി ചെയ്യുന്നതിലേക്ക് കമ്പനി മാറും. പുതിയ സാഹചര്യത്തില്‍ കമ്പനിയുടെ വാര്‍ഷിക ചെലവ് 200 ദശലക്ഷത്തോളം ഈ വര്‍ഷം ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്‍െറ വിവിധ മേഖലകളിലുള്ള തീറ്റപ്പുല്‍ കൃഷിയിടങ്ങള്‍ മുഴുവന്‍ ഒഴിവാക്കാനാണ് മന്ത്രിസഭ നിര്‍ദേശിച്ചിരിക്കുന്നത്. ഗോതമ്പ് ഉല്‍പാദനവും ഘട്ടം ഘട്ടമായി കുറച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.