ഖഫ്ജി: എംബസി ഹെല്‍പ് ഡസ്കിന്‍െറ ഇടപെടലിലൂടെ മൂന്ന് ഇന്ത്യക്കാര്‍ക്ക് മരുഭൂമിയിലെ ജീവിതത്തില്‍ നിന്ന് മോചനം. ഝാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് സദ്ദാം അന്‍സാരി (25), പശ്ചിമ ബംഗാളില്‍ നിന്നുള്ള മുഹമ്മദ് ഹസന്‍ മുല്ല (50), ബീഹാര്‍ സ്വദേശി ചോദാഷ് ഷാ (30) എന്നിവരാണ് നാട്ടിലേക്ക് മടങ്ങുന്നത്. ബി.എസ്.സി കെമിസ്ട്രി ബിരുദധാരിയായ അന്‍സാരിക്ക് ബന്ധുവായ ഏജന്‍റാണ് 65,000 രൂപക്ക് ഹൗസ് ഡ്രൈവര്‍ വിസ നല്‍കിയത്. കുവൈത്തിലെ ശെയ്ഖിന്‍െറ വീട്ടില്‍ സുഖമായ ജോലിയായിരുന്നു വാഗ്ദാനം.
എന്നാല്‍ ഒരുമാസം കഴിഞ്ഞപ്പോഴേക്കും സൗദി അതിര്‍ത്തി കടത്തി അറാഖ് മരുഭൂമിയിലെ കൃഷിയിടത്തില്‍ എത്തിച്ചു. മൂന്ന് വര്‍ഷത്തോളമാണ് അന്‍സാരിക്ക് മരുഭൂമിയില്‍ അടിമ വേലചെയ്യണ്ടിവന്നത്. ശമ്പളവും ഭക്ഷണവുമില്ലാതെ കൊടിയ പീഡനങ്ങളേറ്റതോടെ ഒരു രാത്രിയും പകലും മരുഭൂമിയിലൂടെ നടന്ന് ഖഫ്ജിയില്‍ എത്തിപ്പെടുകയായിരുന്നു. പൊലീസില്‍ അഭയം തേടിയെങ്കിലും അവര്‍ ലേബര്‍ കോടതിയിലേക്ക് അയച്ചു. കുവൈത്ത് വിസ ആയതിനാല്‍ അവര്‍ പാസ്പോര്‍ട്ട് വിഭാഗത്തിന് കൈമാറി. അവിടെയുള്ള ഉദ്യോഗസ്ഥര്‍ ഖഫ്ജിയിലെ ഹെല്‍പ് ഡെസ്ക് കോര്‍ഡിനേറ്റര്‍ പി.വി അബ്ദുല്‍ ജലീലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്വന്തം താമസ സ്ഥലത്തേക്ക് കൂട്ടികൊണ്ട് വന്ന് ഇയാളെ നാട്ടിലയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഖഫ്ജി-റിയാദ് റോഡിലുള്ള അല്‍ഒലയ എന്ന സ്ഥലത്തെ മരൂമിയിലാണ് ഹസന്‍ മുല്ല ജോലി ചെയ്തിരുന്നത്. 300 ഓളം ആടുകളും ഒട്ടകങ്ങളുമുള്ള ഫാമിലായിരുന്നു ജോലി. രക്ഷപെട്ടത്തെുമ്പോള്‍ ഇയാളുടെ ദേഹത്ത് മര്‍ദനത്തിന്‍െറ പാടുകളുണ്ടായിരുന്നു. സഫ്വാനിയയിലെ മരുഭൂമിയിലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ കൊണ്ടുവന്ന ചോദാഷ് ഷാ എത്തിപ്പെട്ടത്.
മരുഭൂമിയില്‍ ആടുമേക്കാനായിരുന്നു നിയോഗം. 11 മാസം ജോലി ചെയ്തിട്ടും 1000 റിയാല്‍ മാത്രമാണ്് ആകെ ലഭിച്ചത്.
ഒരിക്കല്‍ ഒളിച്ചോടി ഖഫ്ജിയില്‍ പോലീസില്‍ അഭയം തേടിയെങ്കിലും ഉപദ്രവിക്കല്ല എന്ന വാഗ്ദാനത്തില്‍ വീണ്ടും സ്പോണ്‍സറുടെ അടുത്തേക്ക് തന്നെ അയക്കുകയായിരുന്നു. എന്നാല്‍ ചോദാഷ് ഷായെ കിട്ടിയ ഉടനെ തന്നെ മുറിയില്‍ പൂട്ടിയിട്ട് കഠിനമായി മര്‍ദിക്കുകയായിരുന്നുവത്രേ. അവിടെ നിന്ന് രക്ഷപ്പെട്ടാണ് വീണ്ടും പൊലീസില്‍ അഭയം തേടിയത്. എംബസിയില്‍ നിന്ന് ഒൗട്ട് പാസ് ലഭിച്ച ഇവര്‍ അടുത്ത ദിവസം നാട്ടിലേക്ക് മടക്കും. എംബസി ഉദ്യോഗസ്ഥരായ അനില്‍ നൊട്ട്യാല്‍, മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.