ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: സൗദിയിൽനിന്ന് സ്വന്തം നാടുകളിലേക്ക് സാധനങ്ങൾ അയക്കാൻ പ്രവാസികൾ ആശ്രയിക്കുന്ന ഡോർ ടു ഡോർ കാർഗോ രംഗത്ത് വലിയ തട്ടിപ്പുകൾ അരങ്ങേറുന്നെന്നും വ്യാജന്മാരുടെ കെണിയിൽപ്പെടാതെ നോക്കണമെന്നും റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ ഏജൻസികൾ. ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐ.ഡി.എ) ഭാരവാഹികൾ വാർത്താസമ്മേളനത്തിലാണ് പ്രവാസികൾക്ക് ജാഗ്രതാനിർദേശം നൽകിയത്.
അടുത്തിടെയായി സ്ഥാപനങ്ങൾ ഇല്ലാത്ത വ്യക്തികളും അനധികൃത ഏജൻസികളും മിനി പിക്കപ്പ് വാന്‍, നെയിം കാര്‍ഡ്, സ്റ്റിക്കര്‍, ബില്‍ എന്നിവ ഉപയോഗിച്ച് വളരെ കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ഡോർ ടു ഡോർ അയക്കാമെന്ന് വാഗ്ദാനം നൽകി സാധനങ്ങള്‍ ശേഖരിക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നു. ഇവര്‍ ശേഖരിക്കുന്ന സാധനങ്ങള്‍ പലപ്പോഴും നാട്ടിലേക്ക് അയക്കപ്പെടാതെ റിയാദിലെ ഗോഡൗണുകളിലോ നാട്ടിലെത്തിയശേഷം വിതരണം ചെയ്യാപ്പെടാനാവാതെ അവിടുത്തെ ഗോഡൗണുകളിലോ കെട്ടിക്കിടക്കുകയും തുടര്‍ന്ന് കുറഞ്ഞ വിലക്ക് വില്‍പ്പനക്ക് വെക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക അംഗീകാരത്തോടെ മാന്യമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെന്ന നിലയിലുള്ള ഉത്തരവാദിത്വ ബോധത്തോെട ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതെന്ന് അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കുറഞ്ഞ നിരക്കിൽ അയക്കാമെന്ന് പഞ്ഞ് സാധനം എടുക്കുന്ന ഇത്തരം അനധികൃത കാര്‍ഗോ ഏജൻസികളോട വ്യക്തികളോ അംഗീകൃത ഏജൻസികൾ വഴിയാണ് കാർഗോ അയക്കാൻ ശ്രമിക്കാറുള്ളത്. ഉപഭോക്താക്കളിൽനിന്ന് എടുക്കുന്ന സാധനങ്ങൾ അംഗീകൃത ഏജൻസികളെ കൊണ്ടുവന്ന് ഏൽപ്പിച്ച ശേഷം പേയ്മെൻറ് ഭാഗികമായി നടത്തിയശേഷം മുങ്ങുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ബാക്കി പണം കൂടി വന്നിട്ട് അയക്കാമെന്ന് കരുതി ഏജൻസികൾ കാത്തിരിക്കും. എന്നാൽ കൊണ്ടുവന്ന് ഏൽപിച്ച ഏജൻറുമാരെ പിന്നെ കാണില്ല. അതോടെ അയക്കപ്പെടാതെ ഈ സാധനങ്ങൾ കെട്ടികിടക്കുന്ന സാഹചര്യമുണ്ടാവും.
അന്യനാട്ടിൽ അധ്വാനിച്ചുണ്ടാക്കുന്ന പണം കൊടുത്തുവാങ്ങി, കൂടാതെ കാർഗോ ചാർജും നൽകി അയക്കുന്ന പ്രവാസികളുടെ സാധനങ്ങളാണ് ഇങ്ങനെ കെട്ടിക്കിടന്ന് നശിക്കുകയോ കരിഞ്ചന്തയിൽ വിറ്റുപോകുകയോ ചെയ്യുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് കിലോ സാധനങ്ങളാണ് ഇവിടെയും നാട്ടിലുമായി കെട്ടിക്കിടക്കുന്നത്. സാധാരണക്കാരായ തൊഴിലാളി വിഭാഗമാണ് കൂടുതലും കാര്‍ഗോ അയക്കുന്നത്. കുറഞ്ഞ നിരക്കില്‍ സാധനം ഏറ്റവാങ്ങുന്ന ഇത്തരം സംഘങ്ങളെ വിശ്വസിക്കുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്.
2021 മെയ് രണ്ടിന് ജിദ്ദ, ദമ്മാം, റിയാദ് എന്നീ പ്രവിശ്യകളിലെ കാര്‍ഗോ പ്രവര്‍ത്തകരുടെ കൂട്ടായ്മയായി രൂപവത്കരിക്കപ്പെട്ട ഐ.ഡി.എ ഈ സാഹചര്യത്തിൽ കൂടുതൽ ഉണർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രവാസികൾ തട്ടിപ്പിന് ഇരയാവാതിരിക്കാൻ ജാഗ്രത പാലിക്കും. സംഘടനയുടെ മേൽനോട്ടത്തിൽ എയർ കാർഗോക്ക് 13 റിയാലും സീ കാർഗോക്ക് ഏഴ് റിയാലും എന്ന നിലയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ട്. ഈ തുകയിൽ കുറച്ച് കാർഗോ അയക്കാമെന്ന് പറഞ്ഞ് ഏജൻറുമാർ സമീപിച്ചാൽ തട്ടിപ്പല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ സാധനങ്ങൾ അയക്കാൻ ഏൽപ്പിക്കാവൂ.
ഐ.ഡി.എയിൽ രജിസ്റ്റർ ചെയ്ത ഏജൻസി വഴി അയച്ച സാധനങ്ങൾ സമയത്ത് ലഭിക്കാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കില്‍, അസോസിയേഷന്‍ നേരിട്ട് ഇടപെട്ട് പ്രശ്‌നപരിഹാരത്തിനായി പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടാതെ, ഡല്‍ഹിയില്‍ സീ കാർഗോ കസ്റ്റംസ് ക്ലിയറന്‍സ് 20 ദിവസമായി നിലച്ചുകിടക്കുന്നതിനാല്‍, നിലവിൽ സീർ കാർഗോ വഴി സാധനങ്ങള്‍ എത്തിക്കുന്നതില്‍ നേരിയ കാലതാമസം ഉണ്ടാകുന്നുണ്ടെന്നും പ്രശ്നം വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ ഡോർ ടു ഡോർ കാർഗോ രംഗത്ത് പ്രവർത്തിക്കുന്ന അറബ്കോ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സെയ്യിദ്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.