ഹാജിമാരുടെ താമസം:  അവലോകന യോഗം 22ന് 

ജിദ്ദ: ഹാജിമാര്‍ക്ക് മക്കയിലുള്ള താമസ സൗകര്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംവിധാനിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനത്തെിയ പ്രത്യേക സമിതി 22 ന് അവലോകന യോഗം നടത്തും. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച ലോങ്ടേം അകോമഡേഷന്‍ കമ്മിറ്റിയുടെ (എല്‍.ടി.എ.സി) മക്ക സന്ദര്‍ശനം പൂര്‍ത്തിയായി. ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ശാഹിദ് ആലം, സമിതി അംഗങ്ങളായ ഷാനവാസ് ഹുസൈന്‍, അഡ്വ. ഹാരിസ് ബീരാന്‍, റഷീദ് അന്‍സാരി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ഷമീം, സി.ഇ.ഒ അതാ ഉര്‍റഹ്മാന്‍ എന്നിവരാണ് മക്കയില്‍ പരിഗണിക്കുന്ന കെട്ടിടങ്ങളുടെ പരിശോധന നടത്തിയത്.  
കഴിഞ്ഞവര്‍ഷം ഏറ്റെടുത്ത 7,000 യൂണിറ്റ് വാസസ്ഥലങ്ങള്‍ക്ക് പുറമേ ഇത്തവണ കണ്ടത്തെിയ 16,000 യൂണിറ്റിന്‍െറ പരിശോധനയും കമ്മിറ്റി പൂര്‍ത്തിയാക്കി. ഹറമിന് പരിസരത്തെ ഗ്രീന്‍സോണില്‍ തന്നെയാണ് ഇത്രയും യൂണിറ്റുകള്‍ നിലകൊള്ളുന്ന കെട്ടിടങ്ങളുള്ളതെന്ന് സമിതി അംഗം ഹാരിസ് ബീരാന്‍ പറഞ്ഞു. ഇത്രയും ആകുമ്പോള്‍ ഏതാണ്ട് കാല്‍ലക്ഷത്തോളം ഹാജിമാരെ ഇവിടെ താമസിപ്പിക്കാം. ആകെ ഹാജിമാരില്‍ 20 ശതമാനത്തിനെയെങ്കിലും ഇവിടെ ഉള്‍ക്കൊള്ളാന്‍ പറ്റും. അതിനിടെ, ഹറമില്‍ നിന്ന് വെറും 600 മീറ്റര്‍ ദൂരത്തില്‍ ‘ദാഖിര്‍’ എന്നൊരു കമ്പനി ഒരുലക്ഷം യൂണിറ്റുകള്‍ സംവിധാനിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. 20 ടവറുകളാണ് ഇവര്‍ പണിയുന്നത്. ഇതുലഭിച്ചാല്‍ മൊത്തം ഹാജിമാരുടെയും താമസ പ്രശ്നത്തിന് നല്ളൊരളവോളം പരിഹാരമാകും. ഏതാണ്ടെല്ലാ ഹാജിമാരെയും ഒരുമിച്ച് ഒരിടത്ത് താമസിപ്പിക്കുന്നത്  ഒൗദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കും ഗുണകരമാണ്. ഹജ്ജ് മിഷന്‍െറ ദൗത്യം കൂടുതല്‍ ആയാസരഹിതമാക്കാനും ഇതുവഴി സാധിക്കും. 
പക്ഷേ, നിര്‍മാണ ഘട്ടത്തിലാണ് ഈ കെട്ടിടങ്ങള്‍ ഉള്ളത്. 2019 ലെ ഹജ്ജിന് ഉപയോഗിക്കാന്‍ പാകത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇത് പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമെടുക്കും മുമ്പ് ടെണ്ടര്‍ വിളിക്കലും മറ്റു നടപടികളും ബാക്കിയുണ്ട്. കൂടുതല്‍ മികച്ച തുക മറ്റ് സ്ഥാപനങ്ങള്‍ നല്‍കാന്‍ തയാറുണ്ടോ എന്ന് പരിശോധിക്കേണ്ടതുമുണ്ട്. ഈ വിഷയങ്ങളെല്ലാം 22 ന് ജിദ്ദയില്‍ ചേരുന്ന സമിതിയുടെ അവലോകന യോഗത്തില്‍ ചര്‍ച്ചക്ക് വരും. ഇന്ത്യന്‍ ഹാജിമാര്‍ക്ക് മികച്ച സേവനം നല്‍കുന്ന ദക്ഷിണേഷ്യന്‍ മുഅസ്സസയെയും മക്തബുകളെയും കഴിഞ്ഞദിവസം കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക്കിന്‍െറ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഇന്ത്യ-സൗദി ബന്ധം ദൃഢമാക്കുന്ന സഹകരണമാണ് ഈ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് കോണ്‍സല്‍ ജനറല്‍ സൂചിപ്പിച്ചു. പ്രത്യേക സമിതി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈനും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.