വനിത വത്കരണം: വീഴ്ച ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് തൊഴില്‍ വകുപ്പ്

റിയാദ്: വനിതകളെ ജോലിക്ക് നിയമിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ഷോപ്പിങ് കോംപ്ളക്സുകളിലും വ്യാപാര കേന്ദ്രങ്ങളിലുമുള്ള സ്ഥാപനങ്ങളില്‍ വനിത വത്കരണത്തില്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് തൊഴില്‍ വകുപ്പ് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. 
19911 എന്ന ടോള്‍ ഫ്രീ നമ്പറിലോ http://rasd.ma3an.gov.sa എന്ന വെബ്സൈറ്റിലോ ഇത് സംബന്ധിച്ച പരാതി അറിയിക്കാം. വനിതകള്‍ക്ക് സംവരണം ചെയ്ത ജോലികള്‍ ഒരു കാരണവശാലും പുരുഷന്മാര്‍ ചെയ്യാന്‍ പാടില്ല. എന്നാല്‍, ചില സ്ഥാപനങ്ങളില്‍ ഇപ്പോഴും രഹസ്യമായി ഇത് തുടരുന്നുണ്ട്. നിയമലംഘനം പിടികൂടുന്നതിന്‍െറ ഭാഗമായി ശക്തമായ പരിശോധനകള്‍ നടത്താന്‍ തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 
എല്ലാ സ്ഥാപനങ്ങളിലും കയറി പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമെന്നില്ല. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളോട് നിയമ ലംഘനത്തെ കുറിച്ച് വിവരം നല്‍കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് പ്രസ്താവനയിറക്കിയത്. 
സ്വകാര്യ സ്ഥാപനങ്ങളാണ് നിര്‍ദിഷ്ട അനുപാതത്തില്‍ വനിതകളെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തുന്നത്. വനിതകളുപയോഗിക്കുന്ന വസ്ത്രങ്ങളും സൗന്ദര്യ വര്‍ധക വസ്തുക്കളും മറ്റും വില്‍പന നടത്തുന്ന കടകളില്‍ പൂര്‍ണമായും വനിതകളെ ജോലിക്ക് നിയമിക്കണമെന്നാണ് നിയമം. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളിലും ചില തസ്തികകളില്‍ പുരുഷന്മാര്‍ ജോലി ചെയ്യുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഈ പ്രവണത അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുസമൂഹത്തിന്‍െറ പിന്തുണ തൊഴില്‍ വകുപ്പ് തേടിയിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.