മൂന്നിടത്ത് വാഹനാപകടം; എട്ട് മരണം 

റിയാദ്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മൂന്നിടത്തായി നടന്ന വാഹനാപകടങ്ങളില്‍ എട്ടു മരണം. അസീര്‍ പ്രവിശ്യയില്‍ രണ്ടിടത്തായി വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ആദ്യ രണ്ട് അപകടങ്ങളുണ്ടായത്. ഖമീസ് അല്‍ബഹര്‍- മഹായില്‍ റോഡില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ആദ്യ അപകടമുണ്ടായത്. ഇരു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറിന്‍െറ ഡ്രൈവര്‍മാരാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. അസീര്‍-അബഹ റോഡില്‍ കാര്‍ ട്രക്കിലിടിച്ച് നാലു പേരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 ഓടെയാണ് ഈ അപകടമുണ്ടായതെന്ന് റെഡ്ക്രസന്‍റ് വക്താവ് അഹ്മദ് ഇബ്രാഹീം അസീരി അറിയിച്ചു. ഹോണ്ട അക്കോര്‍ഡ് കാറാണ് ട്രക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന കാറിനുള്ളില്‍ നിന്ന് സിവില്‍ ഡിഫന്‍സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലായ കാര്‍ ഡ്രൈവറെയും നിസാര പരിക്കേറ്റ ട്രക്ക് ഡ്രൈവറെയും അബഹയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍അഹ്സ പ്രവിശ്യയില്‍ വ്യവസായ മേഖലയിലാണ് മൂന്നാമത്തെ അപകടമുണ്ടായത്. മക്ക റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കളാണ് മരിച്ചത്. വാഹനമോടിക്കുന്നവര്‍ സുരക്ഷ നടപടികള്‍ പാലിക്കണമെന്നും അമിത വേഗത ഒഴിവാക്കണമെന്നും കിഴക്കന്‍ പ്രവിശ്യ റെഡ്ക്രസന്‍റ് വക്താവ് ഫഹദ് അല്‍ഗാംദി അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.