രായിന്‍കുട്ടി നീറാട്  പ്രവാസത്തോട് വിടപറയുന്നു

ജിദ്ദ: കെ.എം.സി.സി സൗദി  ദേശീയ സെക്രട്ടറി രായിന്‍കുട്ടി നീറാട്  കാല്‍ നൂറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്. സൗദിയുടെ മണലാരണ്യത്തില്‍ ഹരിത രാഷ്ട്രീയത്തിന്‍െറ സന്ദേശങ്ങള്‍ എത്തിക്കാന്‍ നീണ്ട പ്രവാസത്തിനിടയില്‍ സാധിച്ചതിന്‍െറ ചാരിതാര്‍ഥ്യത്തോടെയാണ് അദ്ദേഹം  നാട്ടിലേക്ക് മടങ്ങുന്നത്.  സൗമ്യത മുറ്റിയ പെരുമാറ്റവും ഹൃദ്യമായ  ചിരിയുമായാണ്  പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്. പ്രഭാഷകനായും  എഴുത്തുകാരനായും  വ്യക്തിത്വം അടയാളപ്പെടുത്തി.നാട്ടിലേക്ക് മടങ്ങുമ്പോള്‍  സമ്പാദ്യം പ്രവാസകാലത്ത്   രചിച്ച  നാല് പുസ്തകങ്ങളും സൗദിയുടെ അഷ്ടദിക്കുകകളില്‍  സംഘടനയുടെ സന്ദേശങ്ങള്‍ പ്രസംഗിച്ചു നടന്നപ്പോള്‍ കിട്ടിയ സുഹൃദ്്  ബന്ധങ്ങളും സല്‍പേരും മാത്രം.
1993-ല്‍ മലബാറിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍  സജീവമായ കാലത്താണ്  പ്രവാസം വരിച്ചത്. സ്വതന്ത്ര തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ  ജനറല്‍ സെക്രട്ടറി, കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്്ലിം ലീഗ്  സെക്രട്ടറി, പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ തുടങ്ങി നിരവധി പദവികളില്‍ കഴിവു തെളിയിച്ചിരുന്നു.  മലബാറിലെ ഗ്രാമാന്തരങ്ങളില്‍  ഹരിതരാഷ്ട്രീയത്തിന്‍െറ നാവായി അദ്ദേഹം ശ്രദ്ധ നേടി.  അക്കാലത്തെ  സഹപ്രവര്‍ത്തകര്‍ കേരളത്തില്‍ എം.എല്‍.എ മാരും  എം.പി മാരുമായി. രായിന്‍കുട്ടിക്കെന്നും ആള്‍കൂട്ടത്തിലൊരുവനാവാനായിരുന്നു ആഗ്രഹം.  കൂടെയുള്ളവര്‍ ഉയര്‍ന്ന പദവികളിലത്തെിയതില്‍   സന്തോഷം മാത്രം.   
 ഇരുപത്തിയൊന്നു വര്‍ഷം യുണൈറ്റഡ്  മോട്ടോര്‍ കമ്പനിയുടെ ജിദ്ദ ബ്രാഞ്ചില്‍ ജീവനക്കാരനായിരുന്നു. ജോലി  കഴിഞ്ഞാല്‍   കെ.എം.സി.സി പ്രവര്‍ത്തനങ്ങള്‍ക്ക്   സമയം ചെലവഴിക്കും. കെ.എം.സി.സി നാഷണല്‍ സെക്രട്ടറിക്ക് പുറമേ ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി  സെക്രട്ടറി, കൊണ്ടോട്ടി മണ്ഡലം  പ്രസിഡന്‍റ്, ഇസ്്ലാമിക് സെന്‍റര്‍ മീഡിയ വിഭാഗം ചെയര്‍മാന്‍ എന്നീ പദവികളിലുമിരുന്നു. 
ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ച്  അനുഭവങ്ങള്‍ അടുക്കിവെച്ചാണ്  അദ്ദേഹം പുസ്തകങ്ങള്‍ തയാറാക്കിയത്. കര്‍മ്മവീഥിയിലെ ഹരിതകാന്തികള്‍, അനുഭവങ്ങള്‍ നേര്‍ക്കാഴ്ചകള്‍, മുദ്രകള്‍, ഹരിതരാഷ്ട്രീയത്തിന്‍െറ നേര്‍വഴികള്‍ എന്നിവയാണ് രായിന്‍ കുട്ടിയുടെ പുസ്തകങ്ങള്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് നീറാട് സ്വദേശിയാണ്. ഈമാസം 15 ഓടെ ജിദ്ദയോട് വിടപറയും. ഫോണ്‍: 0569078961 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.